കോട്ടയം: ഡ്രൈവർമാരുടെ കുറവ് മൂലം കഐസ്ആർടിസി സർവീസുകൾ പ്രതിസന്ധിയിലായി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ എം പാനൽ ഡ്രൈവർമാർ പുറത്തായതോടെയാണ് പല സർവീസുകളും വെട്ടിക്കുറയ്ക്കേണ്ടി വന്നത്. ബസ് കിട്ടാതെ യാത്രക്കാർ വലയുന്ന കാഴ്ചയാണ് പലയിടത്തും കാണാൻ കഴിയുന്നത്. അതേ സമയം പ്രതിസന്ധി പരിഹരിക്കാൻ അവധി റദ്ദാക്കി മുഴുവൻ ഡ്രൈവർമാരും ഇന്നു ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
കോട്ടയം ഡി്പ്പോയിൽ ഇന്ന് കാര്യമായ സർവീസ് പ്രതിസന്ധിയില്ലെന്ന് അധികൃതർ അറിയിച്ചു. കോട്ടയം ഡിപ്പോയിൽ മാത്രം 32 ഡ്രൈവർമാർക്കു ജോലി നഷ്ടമായി. പാലാ, ചങ്ങനാശേരി, വൈക്കം, പൊൻകുന്നം,ഈരാറ്റുപേട്ട, എരുമേലി ഡിപ്പോകളിലായി അന്പതിലധികം ഡ്രൈവർമാർക്ക് ജോലി നഷ്ടമായി. നേരെത്ത 110 ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്തിരുന്ന കോട്ടയം ഡിപ്പോ ഓർഡിനറികൾ വെട്ടിക്കുറച്ചതുൾപ്പെടെയുള്ള കാരണത്താൽ ഷെഡ്യൂളും കുറച്ചിരുന്നു.
അടുത്തിടെ കോട്ടയം – ചേർത്തല ചെയിൻ സർവീസ് ആരംഭിക്കുകയും ഏതാനും ഓർഡിനറികൾ പുനരാരംഭിക്കുകയും ചെയ്തതോടെ ഷെഡ്യൂളിന്റെ എണ്ണം 93 ആയി ഉയർന്നു. ടയർ ക്ഷാമത്തിന്റെ പേരിൽ ഇന്നലെ കോട്ടയം ഡിപ്പോയിൽ ആറു സർവീസ് മുടങ്ങി. ടയർ ക്ഷാമം മൂലം കഴിഞ്ഞ ദിവസം 16 സർവീസ് പാലായിൽ മുടങ്ങിയിരുന്നു.
പിഎസ്സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലാണു സംസ്ഥാനത്തുടനീളം ഡ്രൈവർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയെങ്കിലും പിരിച്ചുവിടാൻ 30 വരെ സാവകാശം ലഭിച്ചതേയുള്ളൂ. ഇതേത്തുടർന്നാണു കൂട്ടത്തോടെ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടത്.
ഇടവേളയ്ക്കു ശേഷം എല്ലാഡിപ്പോയിലും കൂടുതൽ സർവീസ് ആരംഭിക്കുകയും മുഴുവൻ സർവീസുകൾ ഓപ്പറേറ്റ് ചെയ്തും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനിടയിലായിരുന്നു എംപാനൽ ഡ്രൈവർമാരുടെ പിരിച്ചുവിടൽ.