കോട്ടയം: ഇന്നു മുതൽ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിൽനിന്നും കൂടുതൽ സർവീസുകൾ നടത്തുമെന്ന പ്രഖ്യാപനം വന്നെങ്കിലും ഡിപ്പോകളിൽ പ്രതിസന്ധി രൂക്ഷം. ബസുകൾ പലതും അറ്റകുറ്റപ്പണി തീർത്ത് ഇറക്കേണ്ടതുണ്ട്.
എം പാനൽ ജീവനക്കാർ ഇല്ലാത്തതിനാൽ കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും കുറവ് വലിയ തോതിലുണ്ട്. ഈ സാഹചര്യത്തിൽ പ്രഖ്യാപനം സാധ്യമായി മുന്പുള്ളതുപോലെ എല്ലാ സർവീസുകളും ആരംഭിക്കാൻ ഇനിയും സമയമെടുക്കും.
ഇപ്പോൾ തന്നെ ബസുകളുടെ കുറവ് യാത്രക്കാരെ വലയ്ക്കുകയാണ്. വൈകുന്നേരങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നവംബർ 12ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഒന്പതു യാത്രക്കാരെ വരെയാണ് ഇന്നലെവരെ ബസിൽ നിർത്തി യാത്ര ചെയ്തുകൊണ്ടിരുന്നത്.
ഇന്നു മുതൽ 15 പേരെ വരെ നിർത്തി യാത്ര ചെയ്യിക്കാമെന്നത് യാത്രക്കാരുടെ കാത്തിരിപ്പ് കുറയക്കും. നിലവിൽ മണിക്കൂറുകൾ ഇടവിട്ടാണ് പല റൂട്ടുകളിലും ഇപ്പോൾ ബസുകളുള്ളത്.
സീറ്റ് ഒഴിവില്ലാത്തതിനാൽ ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ കാത്തു നിൽക്കുന്നവർക്ക് ബസിൽ കയറാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. എല്ലാ സർവീസുകളും പുനരാരംഭിച്ചാൽ മാത്രമാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനാകുന്നത്.
കോട്ടയം ഡിപ്പോയിൽ ലോക്ഡൗണിനു മുൻപ് ദിവസവും 75 ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇന്നു മുതൽ അതിൽ കൂടുതൽ സർവീസുകളും നിരത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും.
ബസുകൾ കൂടുതലെത്തുന്നത് ഇപ്പോൾ സൃഷ്ടിക്കുന്ന തിരക്ക് വലിയ രീതിയിൽ കുറയ്ക്കാൻ കാരണമാക്കുമെന്നും കരുതുന്നു.
ബെല്ലടിക്കുന്നുണ്ട്, ആരും ഫോൺ എടുക്കുന്നില്ല
കോട്ടയം: കെഎസ്ആർടിസി കോട്ടയം ഡിപ്പോയിലേക്ക് ബന്ധപ്പെടാൻ നിർവാഹമില്ലാതെ വലഞ്ഞ് യാത്രക്കാർ. ദിവസങ്ങളായി ഡിപ്പോയിലെ ഫോണ് നിശ്ചലമാണെന്നും ബെല്ലടിച്ചിട്ടും ആരും പ്രതികരിക്കുന്നില്ലെന്നുമാണ് പരാതി.
ബസുകൾ കുറവുള്ള സാഹചര്യത്തിൽ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായി പുനരാരംഭിച്ച ബസ് സർവീസുകളുടെ സമയം തിരക്കി നിരവധിയാളുകളാണ് ഡിപ്പോയിലെ ഫോണിലേക്ക് വിളിക്കുന്നത്.
എന്നാൽ ബെല്ലടിക്കുക മാത്രമാണുള്ളത്. നിരവധി തവണ വിളിച്ചാലും ആരും പ്രതികരിക്കുന്നില്ലെ ന്നാണ് യാത്രക്കാർ പറയുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുമാണ് കെഎസ്ആർടിസി കോട്ടയം ഡിപ്പോയിലേക്ക് വിവരങ്ങൾ അന്വേഷിച്ച് ഫോണ് വിളിക്കുന്നത്.
വിദൂര സർവീസുകളിൽ യാത്ര ചെയ്യുന്നവരാണ് കൂടുതലായും യാത്രയ്ക്കു മുന്പ് ഡിപ്പോയിൽ വിളിച്ച് ബസിന്റെ സമയവും ദൂരപരിധിയെക്കുറിച്ചും തിരക്കുന്നത്.
എന്നാൽ ഫോണിൽ ഉദ്യോഗസ്ഥർ പ്രതികരിക്കാനില്ലാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ബസുകളുടെ സമയ വിവരമറിയാതെ എത്തുന്നവർ മണിക്കൂറുകളാണ് ഇപ്പോൾ ഇവിടെ കാത്തിരിക്കേണ്ടിവരുന്നത്.