കോട്ടയം: പൊതുഗതാഗതം സാധാരണ നിലയിലേക്ക് എത്തിയെങ്കിലും കോട്ടയത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നത് ഇപ്പോഴും കോവിഡ് കാല ഷെഡ്യുളിൽ തന്നെ. കോവിഡ് കാല നിയന്ത്രണങ്ങൾ വിവിധ ഡിപ്പോകളിൽ ഇപ്പോഴും തുടരുകയാണ്.
അശാസ്ത്രീയമായി ഏർപ്പെടുത്തിയ ഡ്യൂട്ടി പരിഷ്കാരവും ജീവനക്കാരുടെ ക്ഷാമവും ഷെഡ്യൂളുകൾ നിർത്തലാക്കിയതും ജില്ലയിലെ കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
സിംഗിൾ ഡ്യൂട്ടി, ഡബിൾ ഡ്യൂട്ടി എന്നിവയ്ക്കു പകരം 12 മണിക്കൂർ നീണ്ടുനിൽക്കുന്ന സ്പ്രെഡ് ഓവർ ഡ്യൂട്ടിയാണു പ്രതിസന്ധിയെന്നു ജീവനക്കാർ പറയുന്നു. ഇതോടെ വൈകുന്നേരത്തെ പല സർവീസുകൾക്കും ജീവനക്കാരില്ല.
ദിവസേന ശരാശരി 65 സർവീസുകൾ നടത്തിയിരുന്ന കോട്ടയം ഡിപ്പോയിൽ ഇപ്പോൾ 53 സർവീസുകൾ മാത്രമാണ് നടത്തുന്നത്. 75 സർവീസുകളുണ്ടായിരുന്ന പാലായിൽ ഇപ്പോൾ 50 സർവീസുകൾ മാത്രമാണുള്ളത്.
പാലാ-തൊടുപുഴ ചെയിൻ മുറിഞ്ഞിരിക്കുകയാണ്. 17 സർവീസുകളുള്ളതിൽ 10 എണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. ഈരാറ്റുപേട്ട ഡിപ്പോയിൽ 45 സർവീസുകളിൽ 10 എണ്ണം ഇപ്പോഴില്ല.
ചങ്ങനാശേരിയിൽ 62 ബസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 51 ബസുകൾ മാത്രമാണുള്ളത്. 46 ഷെഡ്യൂളുകളാണ് സർവീസ് നടത്തുന്നത്.
വൈക്കത്തു നിന്ന് രാവിലെ 6.30നുണ്ടായിരുന്ന തിരുവനന്തപുരം, മലന്പുഴ, മൂന്നാർ സർവീസുകൾ ഇനിയും ആരംഭിച്ചിട്ടില്ല. കെ എസ്ആർടിസി സർവീസുകൾ പഴയതുപോലെ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.