കോട്ടയം: കെഎസ്ആർടിസിയുടെ ബസ് ടെർമിനൽ നിർമാണം അവാസനഘട്ടത്തിൽ. അവസാനവട്ട മിനുക്കു പണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
6000 ചതുരശ്രയടി വലിപ്പമുള്ള ബസ് ടെർമിനലും 5000 ചതുരശ്രയടിയിലുള്ള യാർഡുമാണ് പുതിയ കെട്ടിടത്തിൽ നിർമിച്ചിരിക്കുന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച രണ്ട് കോടി രൂപ മുടക്കിയാണ് ബസ് ടെർമിനൽ നിർമിക്കുന്നത്.
രാത്രി യാത്രികർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, ജീവനക്കാർക്കുള്ള വിശ്രമ മുറി, പുരുഷൻമാർക്കും സ്ത്രീകൾക്കും ആധുനിക ടോയ്ലറ്റ് സംവിധാനം, അധുനിക റിസർവേഷൻ കൗണ്ടർ, പോലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങൾ പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.
വർഷങ്ങളായി ചെളിക്കുഴിയായി കിടന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുൻകൈയെടുത്താണ് ആധുനിക നിലവാരത്തിൽ നിർമാണം നടത്തിയത്.
കെട്ടിട നിർമാണം പൂർത്തിയായി. പെയിന്റിംഗ് ജോലികളും പൂർത്തിയായി. ഇന്റർലോക്ക് കട്ടകൾ പാകുകയും ചെയ്തു. അവേശഷിക്കുന്ന ഇന്റർലോക്കിംഗും ടാറിംഗും പുരോഗതിയിലാണ്. ഒരേസമയം 10 ബസുകൾ നിരനിരയായി ടെർമിനലിന്റെ മുന്പിൽ പാർക്ക് ചെയ്യാൻ കഴിയും.
സ്റ്റാന്റിലെത്തുന്ന മറ്റ് ബസുകളുടെ പാർക്കിംഗ് ടെർമിനലിന്റെ മറുവശത്താണ്. പുറപ്പെടുന്ന ബസുകൾ മാത്രമാണ് ടെർമിനലിന്റെ മുന്പിൽ എത്തുക.
യാത്രക്കാർക്ക് ടെർമിനലിൽ നിന്നു ബോർഡ് നോക്കി ബസിൽ കയറാൻ കഴിയും.നിലവിൽ കെട്ടിടത്തിന്റെ വരാന്ത പൊതുജനങ്ങൾക്ക് ബസ് കാത്ത് നിൽക്കുന്നതിനായി തുറന്നു നൽകിയിട്ടുണ്ട്.
ബാക്കി ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ ടെർമിനലിന്റെ മുന്നിൽ ബസുകൾ പാർക്ക് ചെയ്യുന്നുമുണ്ട്.
ടെർമിനലിന്റെ നിർമാണം പൂർത്തിയായശേഷം തിയറ്റർ റോഡ് പൊളിച്ചു വീതി കൂട്ടി യാത്രക്കാർക്ക് മറുവശത്ത് കൂടിയും ടെർമിനലിൽ പ്രവേശിക്കാൻ കഴിയും.ഈ ഭാഗത്ത് കടകൾ നിർമിച്ച് കെഎസ്ആർടിസിക്ക് മറ്റൊരു വരുമാനം കൂടി ലഭ്യമാക്കാൻ കഴിയും.