കോട്ടയം: സ്വകാര്യബസ് സമരത്തില്‍ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസ് സര്‍വീസ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജോലിക്കാരും സ്കൂള്‍ വിദ്യാര്‍ഥികളുമാണ് വലഞ്ഞത്.
കെഎസ്ആര്‍ടിസി ബസുകളില്‍ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സ്വകാര്യവാഹനങ്ങളുടെ തിരക്ക് റോഡുകളില്‍ വർധിച്ചു. കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ, പൊന്‍കുന്നം, ഈരാറ്റുപേട്ട, എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ രാവിലെ വൻ തിരക്ക് അനുഭവപ്പെട്ടു.
നിലവിലുള്ള സ്വകാര്യബസ് പെര്മിറ്റകുള് പുതുക്കിനല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്കു വര്‍ധിപ്പിക്കുക, ബസുകളില്‍ കാമറ, സീറ്റ് ബെല്‍റ്റ് എന്നിവ ഘടിപ്പിക്കാന്‍ സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ സംസ്ഥാനവ്യാപകമായി സൂചന പണിമുടക്കു നടത്തുന്നത്.
സ്വകാര്യബസ് വ്യവസായത്തോട് സര്‍ക്കാരും ഗതാഗതമന്ത്രിയും കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.
സ്വകാര്യ ബസുകള്‍ പണിമുടക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി എല്ലാ ഷെഡ്യൂളുകളും മുടക്കം വരാതെ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ഡിടിഒ അറിയിച്ചു.
വിവിധ ഡിപ്പോകളിലായി ജില്ലയില്‍ 250 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ജീവനക്കാരുടെ കുറവും ബസുകളുടെ കേടുപാടും മൂലം അധികസര്വീസുകള്ക്ക് സാധ്യതയില്ലെന്നാണ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് അറിയിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളജിലേക്കും എറണാകുളം, വൈക്കം റൂട്ടുകളില്‍ ഏതാനും സര്‍വീസുകള്‍ പ്രത്യേകമായി ഓടിക്കുന്നുണ്ട്.
സ്വകാര്യ ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്താത്തതിനാല്‍ യാത്രാക്കര്‍ ഏറെ കഷ്ടപ്പെട്ടു. കിടങ്ങൂര്‍-അയര്‍ക്കുന്നം-മണര്‍കാട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഈ റൂട്ടിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു.