കോട്ടയം: പണിമുടക്കിൽ പങ്കെടുത്തെന്ന കാരണത്താൽ കെ എസ്ആർടിസിയിൽ ജീവനക്കാരെ മർദിച്ച സംഭവത്തെ പ്രതിരോധിക്കാൻ മറുവിഭാഗത്തിന്റെ മാരക ട്വിസ്റ്റ്. വനിതാ കണ്ടക്ടറോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും കാണിച്ച് ഡിഡിഒയ്ക്കും കോട്ടയം പോലീസ് ചീഫിനും പരാതി.
ഇന്നലെ രാവിലെ 11നാണ് നാടകീയമായ രംഗങ്ങൾ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്നത്. കഴിഞ്ഞദിവസം പ്രതിപക്ഷ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ പങ്കെടുത്ത കാരണത്താൽ പ്രകോപനമില്ലാതെ രണ്ടു ജീവനക്കാരെ ഒരു സംഘം ആളുകൾ ആക്രമിച്ചെന്നു കാട്ടി കോട്ടയം വെസ്റ്റ് പോലീസിലും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കും പരാതി ലഭിച്ചിരുന്നു.
മർദനത്തിൽ പരിക്കേറ്റ കാണക്കാരി സ്വദേശി അമോൽ ജേക്കബ് (32), ഏറ്റുമാനൂർ സ്വദേശി ജയ്മോൻ എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സയും തേടി.ഇന്നലെ ഇവർ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ 25 പേർ വരുന്ന സിഐടിയു സംഘടനയിലെ തൊഴിലാളികൾ മർദിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.
കോട്ടയം- വൈറ്റില റൂട്ടിൽ ആദ്യ സർവീസ് നടത്തി തിരികെ വന്നതായിരുന്നു അമോൽ ജേക്കബ്. സ്ഥലം മാറ്റത്തിന്റെ ഭാഗമായുള്ള കാര്യത്തിനാണ് ജയ്മോൻ ഇന്നലെ എത്തിയത്. ടിഡിഎഫ് സംഘടനയിലെ അംഗങ്ങളായ ഇരുവരും സംസാരിച്ചു നിൽക്കുന്പോഴാണ് ജാഥ നടത്തിവന്ന 25 പേരുടെ സംഘം പ്രകോപനമില്ലാതെ ഇവരോടു വാക്കേറ്റം നടത്തുകയും ദേഹോപദ്രവം ചെയ്തതായും പരാതിയിൽ പറയുന്നത്.
അമോൽ ജേക്കബിനു കൈയ്ക്കു പരിക്കുണ്ട്. ജയ്മോനെ ജാതീയമായി അധിക്ഷേപിച്ച് വധ ഭീഷണിമുഴക്കിയതായും പരാതിയിൽ പറയുന്നു. പ്രാഥമിക ചികിത്സ തേടിയതിനുശേഷമാണ് ഇരുവരും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം ടിഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി.
ഇതിനെ പിന്നാലെയാണ് ആരേയും മർദിച്ചിട്ടില്ലെന്നും വനിതാ കണ്ടക്ടറോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണെന്നും സിഐടിയു വിഭാഗം പറയുന്നത്.