കോട്ടയം: കോട്ടയത്തെ 13 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടാൽ ലാഭകരമായ പല റൂട്ടുകളും നിർത്തലാക്കേണ്ടി വരുമെന്ന് ഡ്രൈവർമാർ. 140 ഷെഡ്യൂൾ ഉണ്ടായിരുന്ന കോട്ടയം ഡിപ്പോയിൽ എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിടുന്നതിനു മുൻപ് 93 മുതൽ 103 സർവീസ് വരെ അയച്ചിരുന്നു. ഇപ്പോഴത് 70 സർവീസായി ചുരുങ്ങി. എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടുന്നതോടെ സർവീസിന്റെ എണ്ണം വീണ്ടും കുറയും.
ചില യൂണിയനുകൾ എംപാനലുകാർക്ക് സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷ നല്കിയിരുന്നു. മാസവരി വരെ വാങ്ങിയവരുണ്ട്. 11 മുതൽ 22 വർഷം സീനിയോരിറ്റിയുള്ളവരാണ് കോട്ടയത്തെ ഡ്രൈവർമാർ. പിരിച്ചുവിട്ടാൽ ഇനി മറ്റൊരു ജോലി കിട്ടാനുള്ള സാധ്യത പലർക്കുമില്ല. പെൻഷൻ പ്രായമാകാറായവരാണ് ഭൂരിപക്ഷവും.
കോട്ടയത്തെ 13 എംപാനൽ ഡ്രൈവർമാരിൽ ഒരാൾക്ക് കോടതി മുഖേന സ്ഥിര നിയമനം ലഭിച്ചിട്ട് ഒരു വർഷമായിട്ടും നടപ്പാക്കിയിട്ടില്ല. യുഡിഎഫ് മന്ത്രിസഭാ കാലത്ത് സ്ഥിരപ്പെടുത്തിയ എംപാനൽകാർക്കൊപ്പം ഉണ്ടായിരുന്നയാളായിരുന്നു. എന്തോ കാരണത്തിൽ സ്ഥിര നിയമനം ലഭിച്ചില്ല. ഇതിനെതിരേ കോടതിയിൽ പോയി. സ്ഥിര നിയമനം നല്കാൻ കോടതി വിധിച്ചു. എന്നിട്ടും മാനേജ്മെന്റ് സ്ഥിരനിയമനം നല്കിയില്ല.
കോർപറേഷൻ നിബന്ധന പ്രകാരം ഇനി കണ്ടക്ടർ കം ഡ്രൈവർമാർക്കേ നിയമനം നല്കു. പിഎസ്്സിയിൽ നിന്ന് ഇപ്പോൾ നിയമിക്കാൻ കോടതി നിർദേശിച്ചവർ ഡ്രൈവർമാർ മാത്രമാണ്. പുതിയ നിയമന ഉത്തരവ് വരുന്നതു വരെയെങ്കിലും എംപാനൽ ഡ്രൈവർമാരെ നിലനിർത്തണമെന്നാണ് അവരുടെ ആവശ്യം.
ഒരു ഡ്യൂട്ടിക്ക് 500 രൂപയാണ് എംപാനൽ ഡ്രൈവർമാർക്ക് ലഭിക്കുന്നത്. കോട്ടയത്തും പാലായിലും മാത്രമേ ഇപ്പോൾ സിംഗിൾ ഡ്യൂട്ടിയുള്ളു. രാവിലെ മുതൽ രാോത്രി വരെ ജോലി ചെയ്താലും ഒരു ഡ്യൂട്ടികൊണ്ട് തൃപ്തിപ്പെടണം. എട്ടുമണിക്കൂർ ഡ്യൂട്ടി സബ്രദായം കഐസ്ആർടിസിയിൽ നടപ്പായിട്ടില്ല.
ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ജീവനക്കാർ പറയുന്നു. പൊതുവേ ഡ്രൈവർമാർ കുറവായതിനാൽ മരണം, അടിയന്തരം, ആശുപത്രി കാര്യങ്ങൾക്കു പോലും അവധി കിട്ടാത്ത സാഹചര്യമുണ്ടെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.