കോട്ടയം: ട്രെയിനുകൾ വൈകി ഓടുന്നതിനൊപ്പം കെഎസ്ആർടിസിയുടെ മുടക്കം കൂടിയായപ്പോൾ ജനം വലയുകയാണ്. ക്രിസ്മസിനുശേഷമുള്ള യാത്രത്തിരക്കു പരിഹരിക്കാൻ ഒരു സംവിധാനവും സംസ്ഥാനത്തില്ല. വിവിധ ഡിപ്പോകളിലായി പിഎസ്സി റാങ്ക് ലിസ്റ്റിൽനിന്നും 140 പേർ കണ്ടക്ടർ ജോലിയിൽ പ്രവേശിച്ചു. മുൻപരിചയമില്ലാത്തതിനാൽ ഇവർക്ക് വീഴ്ചയില്ലാതെ ജോലി ചെയ്യാനാകുന്നില്ല. ദീർഘദൂര യാത്ര കടുത്ത ശാരീരിക ക്ഷീണത്തിനും കാരണമായിട്ടുണ്ട്.
ജോലിയിലെത്തി രണ്ടാം ദിവസം മെഡിക്കൽ ലീവ് നൽകി മടങ്ങിയവരുമുണ്ട്. നിലവിൽ റാക്ക് ഉപയോഗിച്ച് ടിക്കറ്റ് നൽകാനാണ് നിർദേശം. നാലും ടിക്കറ്റ് ചേർത്തുള്ള കോന്പിനേഷൻ ടിക്കറ്റുകൾ നൽകി പോയിന്റ് അടിസ്ഥാനത്തിൽ റിപ്പോർട്ട് ബിൽ എഴുതാൻ ഇവർക്കാകുന്നില്ല. തുടക്കത്തിൽ ടിക്കറ്റ് മെഷീൻ നൽകിയാൽ പഴയ രീതിയിലുള്ള പ്രിന്റ് ടിക്കറ്റ് നൽകുന്ന രീതി പഠിക്കില്ലെന്നാണു വകുപ്പുതല സമീപനം. പുതുതായി നിയമനം നേടി ജോലിക്കെത്തിയവരിൽ 55പേർ വനിതകളാണ്.
കണ്ടക്ടർമാരുടെ കുറവുമൂലം ഇന്നലെയും ജില്ലയിൽ വിവിധ ഡിപ്പോകളിലായി 90 സർവീസുകൾ മുടങ്ങി. സ്ഥിരം നിയമനക്കാർക്ക് ക്രിസ്മസ് അവധി നൽകാതെ അവധി ജോലി ചെയ്യിച്ചാണ് നിലവിൽ ദീർഘദൂര സർവീസുകൾ നടത്തുന്നത്. ഗ്രാമീണമേഖലയിലെ ഓർഡിനറി സർവീസുകൾ പകുതിയും മുടക്കത്തിലാണ്.