കോട്ടയം: എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഇന്നലെ മാത്രം ജില്ലയിലെ വിവിധ ഡിപ്പോകളിലായി മുടങ്ങിയത് 45 സർവീസുകളാണ്. ഇതോടെ ജില്ലയിലെങ്ങും യാത്ര ദുരിതം വർധിച്ചു. ഇന്നു മുതൽ കൂടുതൽ സർവീസുകൾ മുടങ്ങിയേക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെ മുടങ്ങിയവയിൽ കെഎസ്ആർടിസിയ്ക്കു മികച്ച ലാഭം നേടിത്തരുന്ന സർവീസുകളുമുണ്ട്.
കോട്ടയം- 19, പൊൻകുന്നം- 15, പാലാ- അഞ്ച്, ഈരാറ്റുപേട്ട- അഞ്ച്, വൈക്കം- ആറ് സർവീസുകൾ വീതമാണ് മുടങ്ങിയിരിക്കുന്നത്. ഇതോടെ ദിവസം മൂന്നു കോടിയിലേറെ രൂപയുടെ സാന്പത്തിക നഷ്ടം ജില്ലയിലെ വിവിധ ഡിപ്പോകളിലായി ഉണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനത്താകെ 1700 എംപാനൽ ഡ്രൈവർമാരാണ് ജോലി ചെയ്യുന്നത്. കോട്ടയം ജില്ലയിൽ നിന്നും 120 ഡ്രൈവർമാരെയാണു പിരിച്ചുവിട്ടു കൊണ്ട് ഉത്തരവ് ലഭിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയിൽ നട്ടം തിരിയുന്പോഴാണ് കോട്ടയം ഡിപ്പോയിലേക്ക് കാൽലക്ഷം രൂപ വരുമാനമുള്ള നാല് സർവീസുകൾ നിർത്തലാക്കാൻ സോണൽ ഓഫീസിൽ നിന്നും നിർദേശം ലഭിച്ചത്. ഈ സർവീസുകൾ നിർത്തലാക്കാൻ പ്രത്യേക കാരണങ്ങളൊന്നും അധികൃതർ വിശദീകരിക്കുന്നുമില്ല.
ദിവസവും പുലർച്ചെ അഞ്ച്, 7.30ന്, ഉച്ചകഴിഞ്ഞു 1.45ന്, മൂന്ന് എന്നി സമയങ്ങളിൽ കോഴിക്കോടിന് സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് നിർത്തലാക്കിയത്. 25,000 രൂപയോളം വരുമാനം ലഭിച്ചിരുന്നതാണ് ഈ സർവീസുകൾ. ഇന്നലെ മുതൽ ഈ സർവീസുകൾ അയക്കേണ്ടെന്നാണ് സോണൽ ഓഫീസിൽ നിന്നും ലഭിച്ച നിർദേശം. ഇതിനു പുറമെ കെകെ റോഡിൽ സ്വകാര്യ ബസുകളിൽ നിന്നും ഏറ്റെടുത്ത ഏഴ് സർവീസുകൾ കൂടി ഇന്നലെ മുതൽ അയയ്ക്കുന്നില്ല.
ഇതിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടായിരുന്ന ചെമ്മണ്ണാർ – തൂക്കുപാലം റൂട്ടിലെ സർവീസും റദ്ദാക്കി. ഇതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് കോട്ടയം ഡിപ്പോ നീങ്ങുന്നത്. പിഎസ്എസി റാങ്ക് ലിസ്റ്റിൽനിന്നും പുതിയ നിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്.