കോട്ടയം: വിവിധ ഡിപ്പോകളിലായി നൂറിലേറെ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട് ഉത്തരവ് ലഭിച്ചതോടെ ജില്ലയിൽ പകുതിയോളം കെഎസ്ആർടിസി ബസുകൾ ഇന്നു മുതൽ ഓട്ടം മുടങ്ങുന്നു. 100 മുതൽ 120 വരെ ബസുകൾ ഇന്നു മുതൽ മുടങ്ങുന്ന സാഹചര്യത്തിൽ ജില്ലയിൽ യാത്രാ ദുരിതം വർധിക്കും. ശരാശരി എണ്ണായിരം മുതൽ ഇരുപതിനായിരം വരെ കളക്ഷൻ ലഭിക്കുന്ന ബസുകളാണ് ഡ്രൈവർമാരില്ലാത്തതിനാൽ മുടങ്ങുന്നത്.
സ്ഥിരം ഡ്രൈവർമാരിൽ 20 ശതമാനത്തോളം ദീർഘകാല അവധിയിലും വിദേശത്തുമായതിനാൽ വരും ദിവസങ്ങളിൽ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് സൂചന. ദിവസം മൂന്നു കോടിയിലേറെ രൂപയുടെ സാന്പത്തിക നഷ്ടം ജില്ലയിലെ വിവിധ ഡിപ്പോകളിലുണ്ടാകുമെന്നാണ് സൂചന.
കുമളി, കട്ടപ്പന, ആലപ്പുഴ, മല്ലപ്പള്ളി, പത്തനംതിട്ട, എറണാകുളം, റാന്നി, കൊട്ടാരക്കര എന്നിവിടങ്ങളിലും എംപാനൽ ഡ്രൈവർമാർ ജോലി നിറുത്താൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലേക്കുള്ള ദീർഘദൂര ബസുകളുടെ സർവീസ് ഏറെക്കുറെയും. കോട്ടയം, പാലാ, പൊൻകുന്നം, ഈരാറ്റുപേട്ട ഡിപ്പോകളിലെ ദീർഘദൂര സർവീസുകളിൽ ഏറെയും ഓടിക്കുന്നത് പരിചിതരായ എംപാനൽ ഡ്രൈവർമാരാണ്.
എട്ടു വർഷമായി തുടരെ കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവരും പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് 1700 എംപാനൽ ഡ്രൈവർമാർ ജോലി ചെയ്യുന്നുണ്ട്.പിഎസ്എസി റാങ്ക് ലിസ്റ്റിൽനിന്നും പുതിയ നിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ദിവസ വേതനക്കാരെ പിരിച്ചുവിട്ടു ഡിപ്പോകളിൽ ഉത്തരവ് ലഭിച്ചത്.
ഏപ്രിൽ 30നുള്ളിൽ പിഎസ്എസി ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ കോടതി നിർദേശിച്ചിരുന്നെങ്കിലും സാന്പത്തിക പ്രതിസന്ധിമൂലം ഇത് സാധിക്കില്ലെന്ന് കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് എംപാനൽ നിയമനം നടത്തിയാണ് സർവീസ് ഒരു വിധം മുന്നോട്ടുപോയിരുന്നത്.