കോഴിക്കോട് : ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പൊതുഗതാഗതം പുനരാരംഭിച്ചു. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് വീണ്ടും സര്‍വീസ് പുനരാരംഭിച്ചത്.
കെഎസ്ആര്‍ടിസി സര്‍വീസുകളും ഏതാനും സ്വകാര്യ ബസുകളും മാത്രമാണ് ഇന്നലെ സര്‍വീസ് നടത്തിയത്. കോഴിക്കോട് നിന്നു കെഎസ്ആര്‍ടിസിയുടെ ഒന്‍പത് ബസുകളാണ് സര്‍വീസ് നടത്തിയത്.
രാമനാട്ടുകര, തൊട്ടില്‍പാലം, മാവൂര്‍, വടകര, അടിവാരം, ബാലുശേരി, താമരശേരി, മുക്കം എന്നീ ഭാഗങ്ങളിലേക്കാണ് സര്‍വീസ് നടത്തി. ജില്ലയിലെ മറ്റു ഡിപ്പോകളിൽനിന്നും കെഎസ്ആർടിസി സർവീസ് നടത്തി.
സ്വകാര്യ ബസ് സര്‍വീസും ഭാഗികമായി തുടങ്ങി. എരഞ്ഞിമാവ്, മാവൂര്‍, കൂളിമാട്, മെഡിക്കല്‍ കോളജ് റൂട്ടിലാണ് ഏതാനും ബസുകള്‍ രാവിലെ മുതല്‍ നിരത്തിലിറങ്ങിയത്.
മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലും പാളയം ബസ്സ്റ്റാന്‍ഡിലും കയറി യാത്രക്കാരെ കയറ്റിയായിരുന്നു യാത്ര . ആരോഗ്യവകുപ്പിന്റെ എല്ലാ മുന്കരുതലോടെയുമായിരുന്നു ഇന്നലെ സര്‍വീസ് നടത്തിയത്. പരിമിതമായ യാത്രക്കാരെ മാത്രമാണ് ബസില്‍ കയറ്റിയത്.
മാസ്കും സാനിറ്റൈസറും മറ്റുമുപയോഗിച്ചാണ് ജീവനക്കാര്‍ ജോലിക്കെത്തിയത്. ബസ് ഓപറേറ്റേഴ്സ് അസോസിയേഷനുമായി ബന്ധമില്ലാത്ത സ്വകാര്യ ബസുടമകളാണ് ഇന്നലെ സര്‍വീസ് നടത്തിയത് .
മാര്‍ച്ച് 22 ന് ജനതാകര്‍ഫ്യൂവിന്റെ ഭാഗമായി ബസ് സര്‍വീസ് നടത്തിയിരുന്നില്ല. തുടര്‍ന്ന് 23 ന് ഏതാനും ചില ബസുകള്‍ മാത്രമായിരുന്നു സര്‍വീസ് നടത്തിയത്.
അതേസമയം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ ഈ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തിയിരുന്നു. 24 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബസുകളൊന്നും പിന്നീട് നിരത്തിലിറക്കിയിരുന്നില്ല.