കോഴിക്കോട്: ബസുകള്‍ പാവങ്ങാട് നിര്‍ത്തിയിടണമെന്ന നിര്‍ദേശം മൂലം കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോക്ക് ദിവസേന നഷ്ടമാവുന്നത് ലക്ഷങ്ങള്‍. മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ യാത്ര അവസാനിപ്പിച്ചിരുന്ന ബസുകളാണ് പാവങ്ങാട് യാഡിലേക്ക് മാറ്റിയത്.
17 സൂപ്പര്‍ ഫാസ്റ്റുള്പ്പെടെ മുപ്പതോളം ബസുകളാണ് ദിവസവും രാത്രി പാവങ്ങാട്ടേക്ക് തിരിക്കുന്നത്. രാത്രിസര്‍വീസ് അവസാനിപ്പിച്ചാല്‍ അടുത്ത ദിവസം രാവിലെ സര്‍വീസ് ആരംഭിക്കുന്നതുവരെ നിര്‍ത്തിയിടാനാണ് ബസുകള്‍ യാഡിലേക്ക് മാറ്റിയത്.
യാത്രക്കാരെ കയറ്റാതെ ഡ്രൈവര്‍ മാത്രമായാണ് പാവങ്ങാട്ടേക്ക് പോകുന്നത്. ഇതിനായി ഡ്രൈവര്‍ക്ക് 60 രൂപ അധികബത്ത നല്കുന്നു. കൂടാതെ എട്ടുകിലോമീറ്റര്‍ അകലെ പാവങ്ങാടുവരെ പോയി തിരിച്ചെത്താന്‍ ഒരു ബസിന് ഡീസല്‍ ചെലവ് മുന്നൂറോളം രൂപ വരും.
ജനുവരി നാലുമുതലാണ് ഈ തലതിരിഞ്ഞ പരിഷ്കാരം ഡിടിഒ അടിച്ചേല്‍പ്പിച്ചത്. കെഎസ്ആര്‍ടിഇഎ(സിഐടിയു) അടക്കം തൊഴിലാളി സംഘടനകള്‍ ഉത്തരവ് നടപ്പാക്കുന്നതിനെ എതിര്‍ത്തു. എന്നാല്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ച് ഡിടിഒ അവധിയില്‍ പോയി. രണ്ടാഴ്ചയായി ബസുകള്‍ കാലിയായി നഷ്ടയാത്ര തുടരുകയാണ്.
കെഎസ്ആര്‍ടിസി നഷ്ടം കുറക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും പലവിധ ശ്രമങ്ങള്‍ തുടരുമ്പോഴാണ് ചില ഉദ്യോഗസ്ഥര്‍ അധികബാധ്യതവരുത്തുന്ന തലതിരിഞ്ഞ പരിഷ്കാരം നടപ്പാക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാര്‍ നിരന്തരം ഇടപെട്ട് നേരത്തെ പാവങ്ങാട് നിന്നാരംഭിച്ച 33 ഓര്‍ഡിനറി സര്‍വീസുകള്‍ മാവൂര്‍റോഡ് ടെര്‍മിനലിലേക്ക് മാറ്റിയിരുന്നു. ചില ബസുകള്‍ മാറ്റിയതും ജീവനക്കാരുടെ ഇടപെടലിലായിരുന്നു.