കോഴിക്കോട്: പ്രവർത്തനം തുടങ്ങി രണ്ട് വര്‍ഷം ആയിട്ടും കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാരുടെ പരാതികള്‍ക്ക് അവസാനമില്ല. ടെര്‍മിനലിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന് സമീപം കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസിയുടെ ബുക്കിംഗ് കൗണ്ടർ ഉള്ളപ്പോൾ കേരളത്തിന്റെ റിസർവേഷൻ കൗണ്ടർ അന്വേഷിച്ച് യാത്രക്കാർ വലയുകയാണ്.
ടെർമിനലിന്റെ വടക്കുപടിഞ്ഞാറെ മൂലയിൽ കാണാമറയത്ത് പ്രവർത്തിക്കുന്ന കേരളാ കൗണ്ടറിലെ സർവർ മിക്കപ്പോഴും പണിമുടക്കിലുമായിരിക്കും. അതിനാൽ ടിക്കറ്റ് ബുക്കിംഗിനായി കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസിയുടെ ബസുകളെയും സ്വകാര്യ ബസുകളെയും ആശ്രയിക്കേണ്ടിവരുന്നു.
പ്രധാന കവാടം വഴി കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ എത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നത് കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസിയുടെ ബസുകളാണ്. ടെര്‍മിനലിലെ അന്വേഷണ വിഭാഗത്തിന്റെ ഒരു വശത്ത് ആരും ശ്രദ്ധിക്കപ്പെടാത്ത മൂലയിലാണ് കെഎസ്ആര്‍ടിസി ബുക്കിംഗ് കൗണ്ടര്‍. സെർവർ തകരാർ മൂലം ടിക്കറ്റ് റിസർവേഷൻ തടസപ്പെടുന്നതും കെഎസ്ആർടിസിയിൽ നിന്ന് യാത്രക്കാരെ അകറ്റുന്നു.
കഴിഞ്ഞദിവസം മൂന്ന് മണിക്കൂറുകളോളം ടിക്കറ്റ് റിസര്‍വേഷന്‍ നടന്നിരുന്നില്ല. സെർവർ തകരാർമൂലം രാത്രി 10 കഴിഞ്ഞാണ് ബുക്കിംഗ് നടത്താന്‍ കഴിഞ്ഞത്. സെര്‍വറിന്റെയും നൈറ്റ്വർക്കിന്റെയും തകരാറുകളുമാണ് ബുക്കിംഗ് വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ സ്വകാര്യ ബസുകളെ സഹായിക്കാനുള്ള ജീവനക്കാരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്.
തിരക്കുള്ള ഏതു സീസണിലും ഇവിടുത്തെ സർവർ പണിമുടക്കും. ഇതിനു പിന്നിൽ സ്വകാര്യബസ് ലോബിയാണെന്നാണ് ആക്ഷേപം. സ്വന്തം കെട്ടിടത്തില്‍ കണ്ണായ സ്ഥലത്ത് കെഎസ്ആര്‍ടിസിക്ക് കൗണ്ടര്‍ നല്‍കാതെ കര്‍ണാടക ബസിന് ബുക്കിംഗ് കൗണ്ടര്‍ കൊടുത്തതും ഇതിന്റെ ഭാഗമെന്ന് പറയുന്നു. കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ സ്ത്രീകൾക്കുള്ള വിശ്രമ മുറി തുറക്കാത്തതും പരാതിക്ക് കാരണാകുന്നുണ്ട്.
വിശ്രമമുറി ആവശ്യമുള്ളവര്‍ ടെര്‍മിനലിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടാല്‍ താക്കോല്‍ നല്‍കുമെന്ന് ബോര്‍ഡ് വച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായാണ് നടപടി എന്നാണ് അധികൃതര്‍ പറയുന്നത്. ടെര്‍മിനലില്‍ പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടായിട്ടുപോലും വിശ്രമ മുറി പൂര്‍ണമായി യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നില്ല. കനത്ത ചൂട് അനുഭവപ്പെടുന്ന ടെര്‍മിനലിലെ ഫാനുകള്‍ മിക്കതും പ്രവര്‍ത്തിക്കുന്നില്ല. അഞ്ച് മിനിട്ട് ടെര്‍മിനലില്‍ ഇരിക്കേണ്ടി വരുന്ന യാത്രക്കാര്‍ വിയര്‍ത്ത് കുളിക്കും.