കോട്ടയം: യാത്രക്കാരെ ആകർഷിക്കാൻ സജ്ജമാക്കുന്ന പുത്തൻ സംവിധാനങ്ങൾക്കു മികച്ച പ്രതികരണമെന്ന് കെഎസ്ആർടിസി അധികൃതർ.
യാത്രാക്കാരെ ബസിൽ വിളിച്ചു കയറ്റാൻ കെഎസ്ആർടിസി ജീവനക്കാരെത്തുന്ന രീതിയാണ് ഇന്നലെ മുതൽ ജില്ലയിൽ ഒരുക്കിയത്. എല്ലായിടത്തും നിർത്തുന്ന അണ്‍ലിമിറ്റഡ് കെഎസ്ആർടിസി ബസുകൾക്കു പുറമേയാണ്
സ്വകാര്യ ബസുകളിൽ എന്ന പോലെ ഓരോ ബസ് റൂട്ടിലെയും സ്ഥലങ്ങൾ വിളിച്ചു പറഞ്ഞ് ആളെ കയറ്റുന്ന സംവിധാനത്തിനു തുടക്കമിട്ടത്. ഇതിനായി ഡ്രൈവറും കണ്ടക്ടറും നിരത്തിലിറങ്ങിയിരിക്കുകയാണ്.
കോവിഡ് കാലത്ത് കെഎസ്ആർടിസിയെ കരകയറ്റാനായി മാനേജ്മെന്റ് ഏർപ്പെടുത്തിയ പോയിന്റ് ഡ്യൂട്ടിക്കാണ് ജില്ലയിലെ എല്ലാ ഡിപ്പോയിലും തുടക്കമായത്.
ജില്ലയിലെ ഏഴു ഡിപ്പോകളിലെ അധികം വരുന്ന 49 ജീവനക്കാരെയാണ് പോയിന്റ് ഡ്യൂട്ടിയുടെ ഭാഗമായി തിരക്കേറിയ ജംഗ്ഷനുകളിൽ യാത്രക്കാരുടെ സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്.
സ്വകാര്യ ബസുകളിലെ ജീവനക്കാർ തങ്ങളുടെ ബസിൽ ആളെ കയറ്റുവാൻ നടത്തിയ മാതൃകയാണ് കെഎസ്ആർടിസിയും പിന്തുടരുന്നത്. കോണ്‍ വേയായി കെഎസ്ആർടിസി ബസുകൾ പോകുന്നത് ഒഴിവാക്കാനും പോയിന്റ് ഡ്യൂട്ടിമൂലം സാധിക്കും.
കോട്ടയം ഡിപ്പോയിലെ അഞ്ചു ജീവനക്കാർ പാന്പാടി, ഏറ്റുമാനൂർ, ചിങ്ങവനം, ശാസ്ത്രി റോഡ്, കോട്ടയം ഡിപ്പോ എന്നിവിടങ്ങളിൽ പോയിന്റ് ഡ്യൂട്ടി ചെയ്യും.
പാലാ ഡിപ്പോയിലെ പോയിന്റ് ഡ്യൂട്ടിക്കാർക്ക് കൊട്ടാരമറ്റം, ടൗണ്‍ ബസ് സ്റ്റാൻഡുകളിലാണ് നിയമനം. ഈരാറ്റുപേട്ട ഡിപ്പോയിലെ ആറു പേർ സ്വകാര്യ ബസ്റ്റാൻഡ്, പൂഞ്ഞാർ ജംഗ്ഷൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നു യാത്രക്കാരെ ബസിൽ വിളിച്ചു കയറ്റും.
മുണ്ടക്കയം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡുകളിലും കാഞ്ഞിരപ്പള്ളി പേട്ടകവല, ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡ്, വൈക്കം ക്ഷേത്രം പടി, പടിഞ്ഞാറേ നട, വലിയ കവല എന്നിവിടങ്ങളിലും പോയിന്റ് ഡ്യൂട്ടി ഇന്നലെ തുടങ്ങി.
രാവിലെ ഏഴു മുതൽ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി ഏഴുവരെയുമാണ് പോയിന്റ് ഡ്യൂട്ടി. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ ബസ് ദിനത്തിലും ചില യൂണിയനുകളുടെ ആഭിമുഖ്യത്തിലും യാത്രക്കാരെ വിളിച്ചു കയറ്റുന്ന പരിപാടി നടത്തിയിരുന്നു.