കോട്ടയം: ശബരിമല തീർഥാടനം ഒരു മാസം പിന്നിടുന്പോൾ റിക്കാർഡ് വരുമാനവുമായി കോട്ടയം കെഎസ്ആർടിസി ഡിപ്പോ. ഇതുവരെയുള്ള കളക്ഷൻ ഒരു കോടി പിന്നിട്ടു.ഒരു കോടി ഇരുപതുലക്ഷം രൂപയാണ് ഇതുവരെയുള്ള കളക്ഷൻ. കഴിഞ്ഞ വർഷത്തേക്കാൾ 21 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഡിപ്പോ നേടിയിരിക്കുന്നത്. പന്പയിലേക്ക് ഏറ്റവും കൂടുതൽ തീർഥാടകരെ എത്തിച്ചതും കോട്ടയം ഡിപ്പോയാണ്.
തീർഥാടനകാലം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ 25 ബസുകളാണു പന്പയിലേക്കു സർവീസ് നടത്തിയിരുന്നതെങ്കിൽ പിന്നീടു കോട്ടയം ഡിപ്പോയ്ക്ക് അഞ്ചു ബസുകൾകൂടി ലഭിച്ചു. ഇപ്പോൾ ദിവസവും 41 ബസുകളാണു പന്പയിലേക്കു സർവീസ് നടത്തുന്നത്. ഇതിൽ 36 കെഎസ്ആർടിസി ബസുകളും അഞ്ചു കെയുആർടിസി നോണ് എസി ബസുകളും ഉൾപ്പെടുന്നു. ദിവസവും ഏതാണ്ട് 85ൽപ്പരം സർവീസുകളാണു പന്പയിലേക്കു നടത്തുന്നത്.
ചില സമയങ്ങളിൽ തീർഥാടകരുടെ തിരക്ക് വർധിക്കുന്ന അവസരത്തിൽ മറ്റ് റൂട്ടുകളിലേക്കു സർവീസ് നടത്തുന്ന ബസുകൾ പന്പയിലേക്കു സർവീസിന് അയയ്ക്കാറുണ്ട്. ഇത്തരത്തിൽ അയയ്ക്കുന്ന ബസുകളുടെ കളക്ഷൻ അതതു ഡിപ്പോയിലേക്കാണു പോകുന്നത്. അതിനാൽ ഈ തുക ഡിപ്പോയുടെ കളക്ഷനിൽ ഉൾപ്പെടുത്താറില്ല.
കെഎസ്ആർടിസി ബസിൽ പന്പയിലേക്കു പോകുന്ന തീർഥാടകരുടെ എണ്ണത്തിലും വലിയ വർധനയാണുണ്ടായിരിക്കുന്നത്. ഇതിനോടകം രണ്ടുലക്ഷത്തിനു മുകളിൽ തീർഥാടകർ കോട്ടയത്ത് എത്തി കെഎസ്ആർടിസി ബസിൽ പന്പയിലേക്കു പോയതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം ഒന്നരലക്ഷം ആളുകളാണ് തീർഥാടകരായി എത്തിയത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും ബസ്റ്റാൻഡിൽനിന്നുമാണ് സർവീസുകൾ നടത്തുന്നത്.
ഇതിനു പുറമേ ഏറ്റുമാനൂർ ക്ഷേത്രത്തിൽനിന്നും സർവീസുമുണ്ട്. ദിവസവും രാത്രി ആറിനു കോട്ടയം ഡിപ്പോയിൽനിന്നു പുറപ്പെട്ടു ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തി അവിടെനിന്നു രാത്രി എട്ടിനു പുറപ്പെട്ടു കോട്ടയം, പുതുപ്പള്ളി, കറുകച്ചാൽ, മണിമല, എരുമേലി വഴിയാണു ഈ ബസ് പന്പയിലേക്കു പോകുന്നത്.
ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ ബസുകൾ സർവീസ് നടത്തുന്നത്. ഈ സമയം കോട്ടയത്തിന്റെ സമീപ ഡിപ്പോകളായ തിരുവല്ല, പാലാ, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശേരി, മൂവാറ്റുപുഴ തുടങ്ങിയ ഡിപ്പോകളിൽനിന്നും രണ്ടു ബസുകൾ വീതം എത്തിച്ചാണ് അധിക സർവീസ് നടത്തുന്നത്.
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുന്പോഴുണ്ടാകുന്ന തിരക്ക് കണക്കിലെടുത്തും അധിക സർവീസ് നടത്താറുണ്ട്. കോട്ടയത്തുനിന്നു പന്പവരെ 93 രൂപയാണു ചാർജ്. എരുമേലി വരെ 46 രൂപയും. കോട്ടയത്തിനു 10 കിലോമീറ്റർ ചുറ്റളവിൽ 40ൽ അധികം ആളുകൾ പന്പയ്ക്കു പോകാനുണ്ടെങ്കിൽ നിശ്ചിത സ്ഥലത്ത് ബസ് എത്തുന്ന സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.
അടുത്ത വാരത്തിൽ 10 ബസുകൾ കൂടി കോട്ടയത്ത് എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്. തീർഥാടനത്തിന്റെ അവസാന കാലത്തെ തിരക്ക് പ്രമാണിച്ചാണ് കൂടുതൽ ബസുകൾ എത്തിക്കുന്നത്. ഇത്തവണ ശബരിമല സർവീസുകൾ കാര്യക്ഷമമായി നടത്തി വരുമാനം വർധിപ്പിച്ച ഡിപ്പോ അധികൃതർക്ക് കെഎസ്ആർടിസി മാനേജ്മെന്റിന്റെ പ്രത്യേക പ്രശംസയും ലഭിച്ചിട്ടുണ്ട്.