കുളത്തുപ്പുഴ :ബസ് സർവീസ് നിർത്തലാക്കി യാത്രക്കാരെ ദുരിതത്തിലാക്കുന്ന കെ.എസ്.ആർ.ടി.സി കുളത്തൂപ്പുഴ ഡിപ്പോ അധികൃതർക്കെതിരെ തൊഴിലാളികളുടെ പ്രതിക്ഷേധം. ആർ.പി.എൽ എസ്റ്റേറ്റിലെ അഭയഗിരി കോളനിയിലേയ്ക്കുളള സർവ്വീസ് നിർത്തലാക്കിയതിൽ പ്രതിക്ഷേധിച്ചാണ് തൊഴിലാലികൾ സംഘടിച്ചെത്തി ഡിപ്പോ ഇൻസ്പെക്ടറെ ഉപരോധിച്ചത്.
ഇന്നലെ വൈകുന്നേരമാണ് നിർത്തലാക്കിയ സർവ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു തൊഴിലാളികൾ ഡിപ്പോ ഓഫീസ് ഉപരോധിച്ചത്. രാവിലെയും വൈകിട്ടുമായി രണ്ട് സർവ്വീസുകളാണ് അഭയഗിരിയിലേക്ക് നടത്തിയിരുന്നത്. അന്ന് ലാഭകരമായി പ്രവർത്തിച്ചിരുന്ന സർവീസ് നടത്തിപ്പിലെ അപകതമൂലം നഷ്ടത്തിലാവുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്താലാക്കുകയുമായിരുന്നു എന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.
സർവീസ് നിലച്ചതോടെ തൊഴിലാളികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ഒട്ടൊന്നുമല്ല ബുദ്ധിമുട്ട്. എസ്റ്റേറ്റിനുളളിൽ നിന്നും തൊഴിലാളികൾക്ക് വിവിധ ആവശ്യങ്ങൾക്ക് കുളത്തൂപ്പുഴയിൽ എത്തി കാര്യം നിറവേറ്റി മടങ്ങുന്നതിനും, കുട്ടികൾക്ക് സ്കൂൾ യാത്രക്കും ഏറെ സഹായകരമായിരുന്ന സർവ്വീസ് നിർത്തിവച്ചതാണ് പ്രതിക്ഷേധത്തിന് ഇടയായത്.
തൊഴിലാളിനേതാക്കൾ കെ.എസ്.ആർ.ടി.സി ഉന്നതരുമായി ഫോണിലൂടെ ചർച്ച നടത്തിയെങ്കിലും ലാഭനഷ്ടത്തിൻെറ കണക്ക് പറഞ്ഞ് സർവ്വീസ് പുനരാരംഭിക്കാൻ ഇവർ തയ്യാറായില്ല ഇതേ തുടർന്ന് വൈകിയും ഉപരോധം നടത്തിയത്. നേതാക്കളായ സി.അജയപ്രസാദ്, പി.കെ.മോഹനൻ, തമിഴ്സെൽവൻ, രമേശ് എന്നിവർ നേതൃത്വത്തിലാണ് ഉപരോധം.