പയ്യന്നൂര്‍: രാവിലെ കുളി കഴിഞ്ഞ് അലക്കിതേച്ച വസ്ത്രവുമണിഞ്ഞ് റോഡിലേക്കിറങ്ങുന്നവരെ കുളിപ്പിച്ച് വിടാന്‍ ദേശീയ പാതയില്‍ സൗകര്യമൊരുങ്ങി. പയ്യന്നൂർ പെരുമ്പ മുതല്‍ കണ്ടോത്ത് വരെയുള്ള ദേശീയപാതയിലാണ് ഇതിനുള്ള സൗകര്യം ദേശീയപാത വിഭാഗം ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞവര്‍ഷത്തെ വേനല്‍ക്കാലത്ത് റോഡിന്റെ ഇരുഭാഗവും വീതികൂട്ടി ടാര്‍ ചെയ്തിരുന്നു. അനുബന്ധമായി പലയിടങ്ങളിലും ബസ് ബേയും നിര്‍മിച്ചിരുന്നു. ഇതിന് ശേഷം പലയിടങ്ങളിലും താഴ്ന്നുപോയ റോഡില്‍ അറ്റകുറ്റപ്പണി ചെയ്യാതിരുന്നതാണ് ഇപ്പോള്‍ വെള്ളം കെട്ടിയതുമൂലമുള്ള ദുരിതത്തിനിടയാക്കിയത്.
ഗട്ടറുകളില്ലാത്ത ദേശീയപാതയായതിനാല്‍ ഇതിലൂടെ അതിവേഗം ഓടിച്ചു വരുന്ന വാഹനങ്ങള്‍ക്ക് റോഡിൽ വെള്ളം കെട്ടി “തടാകങ്ങള്‍’ രൂപപ്പെട്ടത് അറിയാന്‍ കഴിയില്ല. ഈ “തടാകങ്ങളിലെ’ വെള്ളമാണ് ഇരുഭാഗത്തുകൂടി പോകുന്ന ഇരുചക്ര വാഹന യാത്രക്കാരേയും കാല്‍നടയാത്രക്കാരേയും കുളിപ്പിച്ച് വിടാനിടയാക്കുന്നത്.
ദേശീയപാതയിലെ ഈ “സൗകര്യം’ കാരണം യാത്ര മുടങ്ങിയ ദേഷ്യത്തിന് രാവിലെ കണികണ്ടവരെ ശപിച്ച്കൊണ്ട് വീടുകളിലേക്ക് തിരിച്ച് പോകേണ്ട അവസ്ഥയാണ് പലര്‍ക്കുമുണ്ടായത്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് “സ്പീഡ് ബോട്ടില്‍ യാത്ര ചെയ്യുന്ന അനുഭൂതി’ ലഭിക്കുന്നുണ്ടെങ്കിലും ഈ ഗുണങ്ങളൊന്നും കാണാതെ ചിലര്‍ ദേശീയപാത വിഭാഗത്തെ കുറ്റപ്പെടുത്തുകയാണ്.