ചാത്തന്നൂർ: കെഎസ്ആർടിസി ദീർഘദൂരസർവീസുകളിൽ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ റിസർവേഷൻ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു. ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ദീർഘദൂര സർവീസുകളിൽ പുതിയ മാനദണ്ഡങ്ങൾ ബാധകമാണ്. ഓൺലൈനായോ കൗണ്ടർ മുഖേനയോ ടിക്കറ്റ് എടുക്കുമ്പോൾ സ്ത്രീകൾക്ക് സ്വതന്ത്രമായ സീറ്റുകൾ ലഭിക്കും.
റിസർവേഷൻ സീറ്റുകൾ അനുവദിക്കുന്പോൾ സ്ത്രീകൾക്ക് പുരുഷ യാത്രക്കാർക്കൊപ്പമുള്ള സീറ്റുകളോ ഇടകലർന്ന സീറ്റുകളോ ഇനി അനുവദിക്കുകയില്ല.പുരുഷ യാത്രക്കാർക്കൊപ്പമോ അല്ലെങ്കിൽ ഇടകലർന്ന സീറ്റോ സ്ത്രീയാത്രക്കാർക്ക് ലഭിക്കുന്നത് മൂലം പലവിധ ബുദ്ധിമുട്ടുകളും പുരുഷ യാത്രക്കാരിൽ നിന്നുള്ള ശല്യങ്ങളും സ്ത്രീയാത്രക്കാർക്ക് ഉണ്ടാകുന്നുണ്ട്.
പുരുഷ യാത്രക്കാരിൽ നിന്നും ബോധപൂർവമോ അബോധപൂർവമോ ആയ കൈയേറ്റങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതേക്കുറിച്ച് സ്ത്രീയാത്രക്കാരിൽ നിന്നും നിരന്തരം പരാതികളും ഉണ്ടായി കൊണ്ടിരിക്കയാണ്. ഇത് പരിഹരിക്കാനാണ് കഴിഞ്ഞ ദിവസം റിസർവേഷന് പുതിയ മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് ഉത്തരവിറക്കിയത്.
എന്നാൽ ജനറൽ സീറ്റുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമല്ല. ജനറൽ സീറ്റുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളിൽ നിന്നും പരാതികൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.പുതിയ മാനദണ്ഡമനുസരിച്ച് 3, 4, 5, 8, 9, 10, 13, 14, 15 എന്നീ നമ്പരുകളിലുള്ള സീറ്റുകൾ സ്ത്രീയാത്രക്കാർക്ക് മാത്രമായി നീക്കിവയ്ക്കണം.
ഈ നമ്പർ സീറ്റുകൾ യാതൊരുകാരണവശാലും പുരുഷ യാത്രക്കാർക്ക് റിസർവേഷൻ നല്കരുത്. അംഗപരിമിതർ , മുതിർന്ന പൗരന്മാർ, അന്ധർ എന്നിവർക്കായി റിസർവേഷനുണ്ടായിരുന്ന 21, 22, 26, 27, 31, 47, 52 എന്നീ നമ്പർ സീറ്റുകളിലേയ്ക്കുള്ള റിസർവേഷൻ താത്ക്കാലികമായി റദ്ദ് ചെയ്തിരിക്കയാണ്. ഈ വിഭാഗംയാത്രക്കാർക്ക് തത്ക്കാലം സീറ്റ് റിസർവേഷൻ സൗകര്യം നഷ്ടമായിരിക്കയാണ്.
പ്രദീപ് ചാത്തന്നൂർ