കൽപ്പറ്റ: പോലീസുകാരനെന്നു പറഞ്ഞു യാത്രക്കാരൻ കയർത്തുസംസാരിച്ചതിനെത്തുടർന്നു വനിതാ കണ്ടക്ടർ ബസിൽ കുഴഞ്ഞുവീണു. കോഴിക്കോടുനിന്നു ബത്തേരിക്കുള്ള കെഐസ്ആർടിസിസി ടിടി ബസിലെ കണ്ടക്ടർ സ്വപ്നയാണ് കുഴഞ്ഞുവീണത്.
ഇന്നലെ വൈകുന്നേരം ബത്തേരിക്കു സമീപമാണ് സംഭവം. പോലീസെത്തിയാണ് കണ്ടക്ടറെ ആശുപത്രിയിലാക്കിയത്. മൂന്നു മണിയോടെ കൽപ്പറ്റയിൽ എത്തിയപ്പോഴാണ് സംഭവത്തിൽ ഉൾപ്പെട്ട യാത്രക്കാരനും കൂടെ സ്ത്രീയും ബസിൽ കയറിയത്. ബീനാച്ചിക്കു ടിക്കറ്റ് പറഞ്ഞപ്പോൾ അവിടെ സ്റ്റോപ്പില്ലെന്നു കണ്ടക്ടർ അറിയിച്ചു.
ബസ് ബീനാച്ചിയിൽ നിർത്തണമെന്നും അല്ലെങ്കിൽ കാണിച്ചുതരാമെന്നുമായിരുന്നു യാത്രക്കാരന്റെ പ്രതികരണം. പോലീസാണെന്നും അയാൾ അവകാശപ്പെട്ടു. ബസ് ബീനാച്ചിയിലെത്തിയപ്പോൾ യാത്രക്കാരൻ സിംഗിൽ ബെൽ അടിച്ചു. സ്റ്റോപ്പ് ഇല്ലാത്തതിനാൽ കണ്ടക്ടർ ഡബിൾ ബെൽ കൊടുത്തു.
ഇതിനിടെ യാത്രക്കാരൻ മറ്റുള്ളവർ കേൾക്കേ അസഭ്യം വിളിക്കുകയും കണ്ടക്ടർ കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്നു മാനിക്കുനിയിൽ കോടതി പരിസരത്തു ഡ്രൈവർ സന്പത്ത് ബസ് നിർത്തി. സമീപത്തെ പീടികയുടമ അറിയിച്ചതനുസരിച്ചാണ് പോലീസെത്തി കണ്ടക്ടറെ ആശുപത്രിയിലാക്കിയത്. അപ്പോഴേക്കും യാത്രക്കാരനും ഒപ്പമുണ്ടായിരുന്ന സ്ത്രീയും സ്ഥലംവിട്ടിരുന്നു.