കൊട്ടാരക്കര: നഗരത്തിൽ ദേശീയ പാതയോരത്തുള്ള കോടികൾ വിലമതിക്കുന്ന ഈ ഭൂമി കെഎസ്ആർറ്റിസിക്ക് സ്വന്തം. പക്ഷേ അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഭൂമി തങ്ങളുടേതാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയുന്നില്ല. നാഥനില്ലാത്ത അവസ്ഥയിൽ അനുദിനം കൈയേറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് ഈഭൂമി.
കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപത്തായിട്ടാണ് കെഎസ്ആർറ്റിസി വക ആറു സെന്റ് ഭൂമി സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച കാത്തിരിപ്പു കേന്ദ്രവും ഒരു പൊതുകിണറും ഇവിടെയുണ്ട്. ശോച്യാവസ്ഥയിലായ കാത്തിരുപ്പു കേന്ദ്രം ഇപ്പോൾ ആളുകൾ ഉപയോഗപ്പെടുത്താറില്ല. പൊതുകിണറും മലിനമാണ്.
രേഖകളിൽ ആറു സെന്റ് ഭൂമിയാണെങ്കിലും കൈയേറ്റങ്ങളെ തുടർന്ന് ഇപ്പോഴിത് നേർ പകുതിയായി ചുരുങ്ങിയിട്ടുണ്ട്. രാത്രിയിലും പകലും പ്രവർത്തിക്കുന്ന തട്ടുകടയാണ് ഇപ്പോഴിവിടെയുള്ളത്. ഈ ഭൂമി സംരക്ഷിക്കാനുള്ള ഒരു നടപടിയും കെഎസ്ആർറ്റിസി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇങ്ങനെ ഭൂമിയുള്ളതായി ഉന്നത ഉദ്യോഗസ്ഥരിൽ പലർക്കും അറിവുതന്നെയില്ല എന്നതാണ് സത്യം .
കേരളത്തിൽ പൊതുഗതാഗതസർവീസ് ആരംഭിക്കുമ്പോൾ കെഎസ്ആർറ്റിസിക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സർക്കാർ ഭൂമി വിട്ടു നൽകിയിരുന്നു. ബസ് സ്റ്റാൻഡുകളും ഓപ്പറേറ്റിങ്ങ് സെന്ററുകളും കാത്തിരിപ്പു കേന്ദ്രങ്ങളും സ്ഥാപിക്കാനായിരുന്നു ഇത്. അക്കൂട്ടത്തിൽ നൽകിയതാണ് കൊട്ടാരക്കരയിലെ ഈ പൊന്നും വിലയുള്ള ഭൂമിയും. എന്നാൽ ഭൂമി സംബന്ധിച്ച മതിയായ രേഖകളൊന്നും ഇപ്പോൾ കെഎസ്ആർറ്റിസിയുടെ പക്കലില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്.
ചില വിവരാവകാശ പ്രവർത്തകർ ഈ വിഷയം ഉയർത്തിക്കൊണ്ടു വന്നതോടെയാണ് ഇത് സ്വന്തം ഭൂമിയാണെന്ന് അധികൃതർ തിരിച്ചറിയുന്നത്. ഇപ്പോൾ ഇതിന്റെ രേഖകൾക്കും കുത്തകക്കുമായി റവന്യു വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറയുന്നു.ു