പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ ഡീസൽ ബസുകൾ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ത്തിലേക്ക് മാറ്റുന്നതിന് മൂന്ന് സ്ഥാപനങ്ങൾ അന്തിമ പരിഗണനാ പട്ടികയിൽ. ടെൻഡർ നടപടികളിലൂടെയാണ് ഈ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.
ഡീസൽ ബസുകൾ ദ്രവീകൃതപ്രകൃതി വാതകത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഓരോ സ്ഥാപനങ്ങൾക്കും ഓരോ ബസ് വീതം കൈമാറും.
അവർ എൽ എൻ ജിയിലേക്ക് പരിവർത്തനം നടത്തിയ ശേഷം പ്രവർത്തനക്ഷമത (പിഒസി) വിലയിരുത്തിയിട്ടാകും അന്തിമ കരാർ നല്കുന്നത്. ഇതിന് വേണ്ടി മൂന്ന് ബസുകൾ മെക്കാനിക്കൽ കണ്ടിഷൻ ഉറപ്പാക്കി വിട്ടുകൊടുക്കാൻ മൂന്ന് ഡിപ്പോ എഞ്ചിനീയർമാർക്ക് നിർദ്ദേശം നല്കി.
കെ എസ് ആർ ടി സി യുടെ 3000 ഡീസൽ ബസുകളാണ് ദ്രവീകൃത പ്രകൃതി വാതകത്തിലേക്ക് പരിവർത്തനം ചെയ്യുന്നത്.നിലവിലുള്ള 6,385 ബസുകളിൽ നാലിലൊന്നും കണ്ടം ചെയ്യാനുള്ള തയാറെടുപ്പ് പൂർത്തിയായിട്ടുണ്ട്.
ഡിസംബറിന് ശേഷം 3800 ബസ്സുകൾ സർവീസിന് ഉപയോഗിച്ചാൽ മതി എന്ന് ഡയറക്ടർ ബോർഡ് നേരത്തെ തീരുമാനമെടുത്തിരുന്നു. 500 ബസുകൾ റിസർവ് പൂളിലും 450 ബസുകൾ ജില്ലാ പൂളിലും നിലനിർത്തിയ ശേഷം ബാക്കിയുള്ള പഴയ ബസുകൾ കണ്ടം ചെയ്യും.
ഇതിന് വേണ്ടി ബസുകൾ 11 കേന്ദ്രങ്ങളിലായി ഒതുക്കിയിട്ടിരിക്കുകയാണ്.കിഫ്ബിയുടെ സഹായത്തോടെ 310 സി എൻ ജി ബസുകളും 50 ഇലക്ട്രിക് ബസുകളും 100 സ്ലിപ്പർ കോച്ച് ബസുകളും വാങ്ങാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.
3000 ഡീസൽ ബസ്സുകൾ പ്രകൃതി വാതകത്തിലേക്ക് മാറ്റുന്നതോടെ ഇന്ധന ചിലവിൽ വൻകുറവ് വരുത്താനാകുമെന്നാണ് പ്രതീക്ഷ .തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് ഓരോ ബസികൾ നല്കി എൽഎൻജിയിലേക്ക് പരിവർത്തനം നടത്തി,
അതിന്റെ പ്രവർത്തനക്ഷമത അവലോകനം നടത്തിയ ശേഷമേ ടെൻഡറിലെ ഫിനാൻഷ്യൽ ബിഡ് തുറക്കുകയും കരാർ നടപടികൾ ഉറപ്പിക്കുകയും ചെയ്യൂവെന്ന് എക്സിക്യൂട്ടീവ് ഡയറക്ടറു(എം ആൻഡ് ഡബ്ല്യൂ) ടെ ചുമതല വഹിക്കുന്ന ജി.പി. പ്രദീപ് കുമാർ പറഞ്ഞു.
ഡീസൽ ബസ് എൽഎൻജിയിലേയ്ക്ക് പരിവർത്തനപ്പെടുത്തുന്നതിന്റെ ചിലവ് ടെൻഡർ നടപടികൾ പൂർത്തിയാകാതെ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം കുട്ടിച്ചേർത്തു.