തിരുവനന്തപുരം: പരിധിയില്‍ കൂടുതല്‍ അവധിയെടുത്ത് ജോലിയില്‍ നിന്നും മാറി നില്ക്കുന്ന 900 പേരെ കെഎസ്ആര്‍ടിസി പിരിച്ചുവിടുന്നു. 89 ദിവസം തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാതിരുന്നവരെയാണ് പിരിച്ചുവിടാന്‍ കോര്പ്പറേഷന് തീരുമാനിച്ചിരിക്കുന്നത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്കി.
പരിധിയില്‍ കൂടുതല്‍ അവധിയെടുത്ത് ജോലിയില്‍ നിന്നും മാറിനില്ക്കുന്നവര് ഡിസംബര്‍ ഒന്നിന് മുന്‍പ് ഹാജരാകണമെന്ന് എംഡി രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്ന് 300 പേര് ജോലിക്ക് ഹാജരായി. എന്നാല്‍ ഉത്തരവ് ലംഘിച്ച 900 പേരുടെ ജോലിയാണ് നഷ്ടമാകുന്നത്.
ഒരു യൂണിറ്റ് അധികാരിക്ക് പരമാവധി അനുവദിക്കാന്‍ കഴിയുന്ന അവധിയാണ് 89 ദിവസം. ഇത് വകവയ്ക്കാതെ പലരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് രാജമാണിക്യം നടപടി തുടങ്ങിയത്. ഇങ്ങനെ അവധി എടുത്ത് മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ ശമ്പളം ലഭിക്കുന്നില്ലെങ്കിലും മറ്റ് ആനുകൂല്യങ്ങളും സ്ഥാനക്കയറ്റവും ലഭിക്കും. പെന്ഷന് കൂടി ഉറപ്പാക്കിയ ശേഷമാകും ഇത്തരക്കാര്‍ അവധി നീട്ടി മറ്റ് ജോലിക്ക് പോകുന്നത്.