കെഎസ്ആര്‍ടിസി ബസിലും പ്രേതബാധയോ ? ഡ്രൈവറില്ലാതെ തനിയെ നീങ്ങിയ ബസ് പോസ്റ്റും ഓട്ടോറിഷകളും ഇടിച്ചു തകര്‍ത്തു; ഫോണ്‍ ചെയ്തു നിന്ന ആളുടെ കൈവിരലുകള്‍ അറ്റു വീണു

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ലോഫ്‌ളോര്‍ ബസ് ഡ്രൈവറില്ലാതെ തനിയെ നീങ്ങി വൈദ്യുതി പോസ്റ്റും നാലു ഓട്ടോറിക്ഷകളും ഇടിച്ചു തകര്‍ത്തു. ബസ് വരുന്നതു കാണാതെ ഫോണില്‍ സംസാരിച്ചുനിന്ന വഴിയാത്രക്കാരന്റെ കൈവിരലുകള്‍ അറ്റുവീഴുകയും ചെയ്തു. ഇദ്ദേഹം ബസ് തട്ടി താഴെവീണതിനിടെ വൈദ്യുതിപോസ്റ്റില്‍ വിരലുകള്‍ കുടുങ്ങിയാണ് അപകടം. കെ.എസ്.ആര്‍.ടി.സി. തൃശൂര്‍ ഡിപ്പോയില്‍നിന്ന് എറണാകുളത്തേക്കു പോകാന്‍ യാത്രക്കാരെ കയറ്റിയ ബസാണ് അപകടമുണ്ടാക്കിയത്.

ബസുമായി പുറപ്പെട്ട ഡ്രൈവര്‍ യാത്രയ്ക്കു വാഹനം സജ്ജമല്ലെന്നു തോന്നിയതോടെ പുറകോട്ടെടുത്ത് ഗാരേജില്‍ നിര്‍ത്തി പരിശോധിക്കുന്നതിനിടെ ആയിരുന്നു ബസ് തനിയെ നീങ്ങിയത്. ബസ് തനിയെ നീങ്ങിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിച്ചു. ബസ് നീങ്ങുന്നതു കണ്ട് പിന്നാലെ ഓടിയെത്തിയ ബസില്‍ ചാടിക്കയറി എഞ്ചിന്‍ ഓഫാക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബസ് പതുക്കെയാണ് നീങ്ങിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. ബസ് എന്‍ജിന്റെ വായുക്രമീകരണ സംവിധാനം തകരാറിലായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഒല്ലൂക്കര തൊഴുക്കാട് വീട്ടില്‍ രാമചന്ദ്രനാണ് (45) പരുക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

ബസ് ഇന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കും. സ്റ്റാന്‍ഡിന് കിഴക്കു ഭാഗത്തുനിന്നു നീങ്ങിയ ബസ് തൊട്ടടുത്ത് പോപ്പുലര്‍ റോഡിലെ വൈദ്യുതി പോസ്റ്റിലാണ് ആദ്യം തട്ടിയത്. തുടര്‍ന്ന് ഓട്ടോയില്‍ ഇടിച്ചു. അതോടെ കൂട്ടയിടിയായി. ഓട്ടോസ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളിലെ ഡ്രൈവര്‍മാര്‍ ബസ് വരുന്നതു കണ്ട് ഓടി രക്ഷപ്പെട്ടു. മൊബൈല്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന രാമചന്ദ്രന്റെ ദേഹത്താണ് ബസ് തട്ടിയത്. തുടര്‍ന്ന് റോഡിലേക്കു വീണതിനിടെ മറിഞ്ഞുവീണ പോസ്റ്റില്‍ കൈ കുടുങ്ങി ഇടതു കൈപ്പത്തിയിലെ നാലു വിരലുകള്‍ അറ്റുതൂങ്ങി. കിഴക്കുഭാഗത്ത് പോപ്പുലര്‍ റോഡിലെ കുളശേി മഹാവിഷ്ണു ക്ഷേത്രത്തിനടുത്താണ് ഓട്ടോ സ്റ്റാന്‍ഡ്. ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കുണ്ടായിരുന്നില്ല.

മുളങ്കുന്നത്തുകാവ് സ്വദേശി രാധാകൃഷ്ണന്‍, പുത്തൂര്‍ സ്വദേശി രാജേശഖരന്‍, പട്ടിക്കാട് സ്വദേശി ഡെനി, ചിയ്യാരം സ്വദേശി രുദ്രന്‍ എന്നിവരുടെ ഓട്ടോറിക്ഷകളിലാണ് ലോ ഫ്‌ളോര്‍ ബസിടിച്ചത്. സംഭവമറിഞ്ഞ് ട്രാഫിക് പോലീസ് സ്ഥലത്തെത്തി. നാലുവര്‍ഷം മുമ്പ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിയന്ത്രണം വിട്ട ലോ ഫ്‌ളോര്‍ ബസിടിച്ച് രണ്ട് അന്ധര്‍ മരിച്ചിരുന്നു.

Related posts