കൊച്ചി: എംപാനൽ കണ്ടക്ടറായിരിക്കെ മരിച്ച വ്യക്തിയുടെ മകൾക്കു നിയമനം നൽകുന്ന കാര്യത്തിൽ അനുകൂല തീരുമാനമെടുക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പെരുന്പാവൂർ പുന്നയം സ്വദേശിനി സായ് ലക്ഷ്മിക്ക് കെഎസ്ആർടിസിയിൽ ആശ്രിതനിയമനം നൽകുന്ന കാര്യത്തിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുത്തു റിപ്പോർട്ട് ഫയൽ ചെയ്യണമെന്നു കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവ് നൽകി.
സായ് ലക്ഷ്മിയുടെ പിതാവ് ബാഹുലേയൻ കെഎസ്ആർടിസിയുടെ പെരുന്പാവൂർ ഡിപ്പോയിൽ എംപാനൽ കണ്ടക്ടറായിരിക്കെ 2010 ജൂണിൽ മരിച്ചു. ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാത്ത തനിക്ക് ആശ്രിത നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടു സായ് ലക്ഷ്മി കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കമ്മീഷൻ നടപടി.
കെഎസ്ആർടിസി കമ്മീഷനിൽ നൽകിയ റിപ്പോർട്ടിൽ എംപാനൽ കണ്ടക്ടർ മരിച്ചാൽ ആശ്രിതനിയമനത്തിനു വ്യവസ്ഥയില്ലെന്നു പറയുന്നു. 2001 ൽ നിലവിൽവന്ന പിഎസ് സി ലിസ്റ്റിൽ തന്റെ പിതാവ് 911 ാം റാങ്കുകാരനായിരുന്നുവെന്നു പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
കെഎസ്ആർടിസി സാന്പത്തിക നഷ്ടത്തിലാണെന്ന കാരണത്താൽ പിഎസ്സി അണ് അഡ്വൈസ്ഡ് കണ്ടക്ടറായി നിയമിച്ചു. സ്ഥാപനം ലാഭത്തിലായാൽ ജോലി സ്ഥിരപ്പെടുത്താമെന്നും വാഗ്ദാനം നൽകിയിരുന്നു. 2001 ലെ ലിസ്റ്റിൽനിന്നു നിയമിച്ചവരെ 2011 ൽ സ്ഥിരപ്പെടുത്തി.
സ്ഥിരപ്പെടുത്തേണ്ടവരുടെ ലിസ്റ്റിൽ തന്റെ പിതാവ് 345 ാം നന്പറുകാരനായിരുന്നുവെങ്കിലും ഉത്തരവ് പുറത്തിറങ്ങുന്നതിനു തൊട്ടുമുന്പു പിതാവ് മരിച്ചതായും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. പരാതിക്കാരിയുടെ പിതാവിനെ കൃത്യസമയത്തു സ്ഥിരപ്പെടുത്തിയിരുന്നെങ്കിൽ പരാതിക്കാരിക്കു സ്ഥിരംജോലിക്ക് അർഹത ലഭിക്കുമായിരുന്നുവെന്നു കമ്മീഷൻ വിലയിരുത്തി.