തിരുവനന്തപുരം:ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട 3861 എംപാനല്‍ കണ്ടക്ടര്‍മാരെയും തിരിച്ചെടുത്തു. സര്‍ക്കാര്‍ നടപടി ഹൈക്കോടതി വിധിക്ക് എതിരും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമെന്നു ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സിയിലെ കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് വെല്‍ ഫെയര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി. സ്ഥിരം നിയമനം പി.എസ്.സി. പട്ടികയില്‍ നിന്നാകണമെന്നും താല്‍ക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിയെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്ന ഒഴിവില്‍ എംപാനലുകാരെ നിയമിക്കാമെന്ന ധാരണയുടെ മറവിലാണ് ഇപ്പോള്‍ എല്ലാവരെയും തിരിച്ചെടുത്തത്. ഒഴിവ് സൃഷ്ടിക്കാനായി സ്ഥിരം ജീവനക്കാരില്‍ പലരെയും തെരഞ്ഞെടുപ്പുവരെ അവധിയെടുപ്പിച്ചു. അവധിയെടുത്ത ജീവനക്കാരില്‍ പലരും തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ വ്യാപൃതരാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞ് ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നതോടെ എംപാനലുകാര്‍ക്കു വീണ്ടും ജോലി നഷ്ടമാകും. തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നടപടിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പി.എസ്.സി. പട്ടികയിലുള്ളവര്‍ക്കു നിയമനം നല്‍കാന്‍ വേണ്ടിയാണ് പത്തു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള എംപാനലുകാരെ പിരിച്ചുവിട്ടത്. ജോലി നഷ്ടപ്പെട്ടവര്‍ ഒരു മാസത്തോളം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തി. തുടര്‍ന്ന് ചര്‍ച്ചയ്ക്കു വിളിച്ച എല്‍.ഡി.എഫ്. കണ്‍വീനര്‍, നിയമനം ഉറപ്പുനല്‍കി. പിന്നീട് മന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയെ ചര്‍ച്ചയ്ക്കു പിന്നാലെ സമരം അവസാനിപ്പിക്കുകയായിരുന്നു.