ഷാജിമോന്‍ ജോസഫ്
കൊച്ചി: ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വിനോദസഞ്ചാരികള്‍ നെഞ്ചേറ്റിയ കെഎസ്ആര്‍ടിസിയുടെ മലക്കപ്പാറ ടൂര്‍ ബസ് സര്‍വീസ് വനംവകുപ്പിനു തലവേദനയാകുന്നു.
വലിയ ചെലവില്ലാതെ കാനനകാഴ്ചകളും വെള്ളച്ചാട്ടവുമൊക്കെ ആസ്വദിച്ചുള്ള ഉല്ലാസയാത്രയ്ക്ക് സഞ്ചാരികള്‍ കൂട്ടമായി എത്തിത്തുടങ്ങിയതോടെ, കെഎസ്ആര്‍ടിസി കൂടുതല്‍ ഡിപ്പോകളില്‍നിന്ന് സര്‍വീസുകള്‍ ആരംഭിച്ചതാണ് വനംവകുപ്പിനു ബാധ്യതയാകുന്നത്.
കൊടുംവളവുകള്‍ നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെ മലക്കപ്പാറയിലേക്ക് ഇത്രയധികം ബസുകള്‍ കൂട്ടത്തോടെ എത്തുമ്പോഴുണ്ടാകുന്ന അപകടസാധ്യതയും വന്യജീവിഭീഷണിയുമൊക്കെ ചൂണ്ടിക്കാട്ടി വാഴച്ചാല്‍ ഡിഎഫ്ഒ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും കെഎസ്ആര്‍ടിസിക്കും കത്തു നല്കി.
സര്‍വീസുകളുടെ എണ്ണം നിയന്ത്രിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. പലേടത്തും മണ്ണിടിച്ചില്‍, വന്യജീവി ആക്രമണ ഭീഷണിയുണ്ടെന്നും കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതോടെ എല്ലാവരെയും ശ്രദ്ധിക്കുക ബുദ്ധിമുട്ടാണെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും പല ഭാഗങ്ങളിലും റോഡിനു വീതിയില്ല.തമിഴ്നാട് അതിര്‍ത്തിയായ മലക്കപ്പാറയിലേക്കു കെഎസ്ആര്‍ടിസി യാത്രക്കാരെ കൊണ്ടുപോകുന്നതിന് എതിരല്ലെന്നും ഇപ്പോഴത്തെ സര്‍വീസുകളുടെ എണ്ണം കുറച്ച് നിയന്ത്രണം കൊണ്ടുവരണമെന്നാണ് ആവശ്യമെന്നും വാഴച്ചാല്‍ ഡിഎഫ്ഒ രാഷ്ട്രദീപികയോടു പറഞ്ഞു.
വനംവകുപ്പ്, കെഎസ്ആര്‍ടിസി സര്വീസിനെതിരാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയില്ല. ഇപ്പോഴത്തെ നിലയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പല ഡിപ്പോകളില്‍നിന്നും ബസുകള്‍ അയയ്ക്കുന്നത് പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
ബസുകള്‍ പോകുന്ന വഴിയില്‍ പല സ്പോട്ടുകളിലും രാത്രികാലങ്ങളില്‍പോലും നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി കാഴ്ച കാണാന്‍ അവസരം ഒരുക്കുന്നുണ്ട്. ഇത് വലിയ റിസ്ക്കാണ്. അടുത്തയിടെ കാട്ടാനയ്ക്കു മുന്നില്‍ യാത്രക്കാര്‍ പെട്ടുപോയ സംഭവങ്ങളുമുണ്ടായി. തുടക്കത്തില്‍ രണ്ടോ മൂന്നോ സര്‍വീസുകളാണ് ഉണ്ടായിരുന്നത്.
അതിനാല്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദിനംപ്രതി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുപതോളം സര്‍വീസുകളുണ്ട്. കോണ്‍വേ അടിസ്ഥാനത്തില്‍ ഇത്രയധികം ബസുകള്‍ എത്തുമ്പോള്‍ മതിയായ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതും പ്രശ്നമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വാഴച്ചാല്‍ കഴിഞ്ഞാല്‍ വനത്തിലൂടെ മാത്രമാണ് യാത്ര. ചാര്‍പ്പ് വെള്ളച്ചാട്ടത്തിനടുത്തും ഷോളയാറിലുമൊക്കെ കാഴ്ചകള്‍ ആസ്വദിക്കാന്‍ യാത്രക്കാരെ ഇറക്കി കയറ്റുമ്പോഴേക്കും അടുത്ത ബസുകള്‍ പിന്നാലെ എത്തിക്കഴിയും.
അതിരപ്പള്ളി, വാഴച്ചാല്‍, ഏഴാറ്റുമുഖം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന അവധിദിവസങ്ങളില്‍ അതിരപ്പള്ളിയില്‍ ഗതാഗതതടസത്തിനും കാരണമാകുന്നുണ്ട്.
കുറഞ്ഞ ചെലവില്‍ ഉല്ലാസയാത്ര സാധ്യമായതിനാല്തന്നെ ചുരങ്ങിയ നാളുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് കെഎസ്ആര്‍ടിസി മലക്കപ്പാറ യാത്രയ്ക്കു ലഭിച്ചത്.
ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, മലക്കപ്പാറയിലെത്തുന്നവര്‍ക്ക് പോരായ്മയാണെങ്കില്കൂടി, കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം നൂറുകണക്കിനാളുകളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.
ആദ്യം ചാലക്കുടിയില്നിന്നായിരുന്നു മലക്കപ്പാറയിലേക്ക് സര്‍വീസ്. ഇതു വിജയമാണെന്നു കണ്ടതോടെ മൂന്നാര്‍, ആലപ്പുഴ, കോട്ടയം, പാലാ തുടങ്ങി വിവിധ ഡിപ്പോകളില്‍നിന്ന് സര്‍വീസ് തുടങ്ങി. പുതിയ സര്‍വീസ് തുടങ്ങാന്‍ അനുമതി തേടി കൂടുതല്‍ ഡിപ്പോകള്‍ കെഎസ്ആര്‍ടിസി മാനേജിമെന്റിന് കത്ത് നല്‍കിയിട്ടുമുണ്ട്.