മൂവാറ്റുപുഴ: ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകുന്നു. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ഒരു മാസം മുന്പ് തുറന്നുകൊടുത്ത ബസ് സ്റ്റാൻഡിലെ ഓഫീസ് ബിൽഡിംഗിൽ സ്ഥിതി ചെയ്യുന്ന ശുചിമുറിയിൽനിന്നുള്ള മാലിന്യമാണ് ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നത്.
ഇതിനു സമീപം സ്ഥിതി ചെയ്യുന്ന ഗാരേജിനു മുന്നിലേക്കാണ് മാലിന്യം ഒഴുകി എത്തുന്നത്. മഴ പെയ്യുന്പോൾ മാലിന്യം സ്റ്റാൻഡും പരിസരവും മുഴുവനായി വ്യാപിക്കുന്ന അവസ്ഥയാണ്. പകർച്ചവ്യാധി അടക്കം പടർന്നു പിടിച്ച് വൻ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന മാലിന്യം ഒഴുക്ക് തടയാൻ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയുമില്ലാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
നിർമാണം പൂർത്തിയാക്കിയ ഓഫീസ് ബിൽഡിംഗിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 12 ശുചി മുറികളാണുള്ളത്. ഇതിനു പുറമെ ജീവനക്കാർക്കുള്ള നാല് ശുചിമുറികളിൽനിന്നുള്ള മാലിന്യവും നേരെ ഒഴുകി എത്തുന്നതും സ്റ്റാൻഡിനു പിന്നിലെ കുഴിയിലേക്കാണ്.
ശുചിമുറി മാലിന്യം വ്യാപിച്ചതോടെ പരിസരമാകെ ദുർഗന്ധം വമിക്കുകയും ഈച്ചയും കൊതുകും പെരുകുകയും ചെയ്തിട്ടുണ്ട്. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.