പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി യുടെ ദീർഘ ദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർമാരെ ഉപയോഗിച്ച് സർവീസ് നടത്തും. ഇതിന്റെ ആദ്യ ചുവടായി തിരുവനന്തപുരം – മാനന്തവാടി സൂപ്പർ ഫാസ്റ്റിൽ ആരംഭിച്ചു.
കളക്ഷൻ വർധനയാണ് ലക്ഷ്യം. നിലവിൽ 65000 രൂപയോളം കളക്ഷനുള്ളതാണ് ഈ സർവീസ് . ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുകയാണ് എന്നാണ് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിലപാട് .
കെ സ്വിഫ്റ്റിന്റെ ദീർഘ ദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർമാരാണ്. യാതൊരുവിധ തൊഴിൽ സംരക്ഷണമോ ആനുകൂല്യങ്ങളോ ഇല്ലാത്ത ദിവസവേതനക്കാരാണ് കെ സ്വിഫ്റ്റിലു ള്ളത്. ഇതേ മാതൃക കെ എസ് ആർ ടി സിയും പരീക്ഷിക്കുകയാണ്.
മാസങ്ങൾക്ക് മുമ്പ് നിലവിലുള്ള കെ എസ് ആർ ടി സി ജീവനക്കാരിൽ നിന്നും ഡ്രൈവർ കം കണ്ടക്ടറായി ജോലി ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.
അന്ന് വയനാട് ജില്ലയിലെ ഒരു ജീവനക്കാരൻ മാത്രമാണ് ഇതിന് തയാറായി രംഗത്തെത്തിയത്. അദ്ദേഹം ഡ്രൈവർ കം കണ്ടക്ടറായി ജോലി ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോൾ നിർബന്ധപൂർവം കെ എസ് ആർ ടി സി ഡ്രൈവർ കം കണ്ടക്ടർമാരെ നിയോഗിക്കുകയാണ്. തിരുവനന്തപുരം – മാനന്തവാടി സൂപ്പർ ഫാസ്റ്റ് സർവീസിന് പിന്നാലെ മറ്റ് ദീർഘ ദൂര ബസുകളിലും ഈ സംവിധാനം നടപ്പാക്കാനാണ് നീക്കം.
ദീർഘ ദൂര സർവീസുകളിൽ ഇപ്പോൾ നടപ്പാക്കുന്ന ഈ പരിഷ്കാരം മുഖേന അധിക സമയ സിംഗിൾ ഡ്യൂട്ടിയായി ഇത് മാറ്റാനാണ് നീക്കമെന്ന് ജീവനക്കാർ ആരോപിച്ചു.