മണ്ണാർക്കാട്: മണ്ണാർക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും മലയോരമേഖലയിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ മികച്ച ഡിപ്പോകളിൽ ഒന്നായ മണ്ണാർക്കാട് ഡിപ്പോയിൽ നിന്നും മലയോരകുടിയേറ്റമേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുകയാണ്.
കാഞ്ഞിരപ്പുഴ, പാലക്കയം, ഇരുന്പകച്ചോല, പൂഞ്ചോല, അട്ടപ്പാടി മേഖലകളിലാണ് അധികസർവീസുകളുടെ ആവശ്യം ഉയർന്നിരിക്കുന്നത്. ദിനം പ്രതി നൂറുക്കണക്കിന മലയോര കുടിയേറ്റ നിവാസികളുടെ ഗതാഗത പ്രശ്നമാണ്ഇതുമൂലം പരിഹരിക്കപ്പെടുക. രാത്രികാലത്തും മറ്റുമായുള്ള യാത്രാദുരിതം ഈ മേഖലയിൽ വ്യാപകമാണ്.
ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ബസ് സർവീസുകൾ ആരംഭിച്ചാൽമാത്രമേ കഴിയുകയുള്ളൂ. ആദിവാസി മേഖല ഉൾപ്പെടുന്ന അട്ടപ്പാടിയിലേക്കും മലയോരകുടിയേറ്റ പ്രദേശങ്ങളിലേക്കും കെ എസ് ആർ ടി സി സർവീസുകൾ അത്യാവശ്യമായിരിക്കുകയാണ്.
പലപ്പോഴും ബസുകൾ ഇല്ലാത്തതുമൂലം ഇവിടെയുള്ളവർ ബുദ്ധിമുട്ടുകയാണ്. എടത്തനാട്ടുകര, അലനല്ലൂർ മേഖലകളിലേക്കും ബസ് സർവീസുകളുടെയും കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അടിയന്തിരമായി പരിഹാരംകാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.