പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസിയിൽ മാർച്ച് മാസത്തിൽ 14 ഫിസിക്കൽ ഡ്യൂട്ടി ചെയ്തിട്ടുള്ളവർക്കും ശമ്പളം നൽകും. ഒരു മാസം 16 ഫിസിക്കൽ ഡ്യൂട്ടി ചെയ്യുന്നവർക്കാണ് അതാത് മാസം ശമ്പളം വിതരണം ചെയ്യുന്നത്.
16 ഫിസിക്കൽ ഡ്യൂട്ടിയിൽ കുറവുള്ളവർക്ക് സപ്ലിമെന്ററിയായിട്ടാണ് വേതനം കൊടുത്തു കൊണ്ടിരിക്കുന്നത്. തലേ മാസം 26 മുതൽ 25വരെയുള്ള ഡ്യൂട്ടിയാണ് ശമ്പളത്തിനായി പരിഗണിക്കുന്നത്.
ഫെബ്രുവരി മാസത്തിൽ 28 ദിവസം മാത്രമായിരുന്നതിനാൽ ഫെബ്രുവരി 26 മുതൽ മാർച്ച് 25 വരെ 28 ദിവസം മാത്രമാണുണ്ടായിരുന്നത്.
ശമ്പളവും ഡ്യൂട്ടിയും കണക്കാക്കുന്ന തീയതികളിൽ ദിവസം കുറവ് വന്നതിനാലാണ് 14 ഫിസിക്കൽ ഡ്യൂട്ടി ചെയ്തവരുടെയും ശമ്പള ബിൽ തയാറാക്കാനും ശമ്പളം വിതരണം ചെയ്യാനും കെ എസ് ആർ ടി സി തയാറായത്.
ബാഡ്ജ് ധരിച്ച് ജോലി ചെയ്ത വനിതാ കണ്ടക്ടർക്ക് ശിക്ഷ
ചാത്തന്നൂർ : കെഎസ്ആർടിസിയിലെ ശമ്പള വിതരണം മുടങ്ങുകയും ശമ്പള വിതരണം അനിശ്ചിതത്വത്തിലാവുകയും ചെയ്ത ഘട്ടത്തിൽ ബാഡ്ജ് ധരിച്ച് ജോലി ചെയ്ത വനിതാ കണ്ടക്ടറെ ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി.
വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായരെയാണ് പാലാ ഡിപ്പോയിലേയ്ക്ക് സ്ഥലം മാറ്റി കഴിഞ്ഞ ദിവസം ഉത്തരവ് ഉണ്ടായത്.
ശമ്പള രഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്തതിനാണ് വനിതാ കണ്ടക്ടറെ ശിക്ഷിച്ചത്. കഴിഞ്ഞ ഡിസംബർ മാസത്തെ ശമ്പളം വിതരണം അനിശ്ചിതമായി നീണ്ടു പോയപ്പോഴാണ് അഖില.എസ്.നായർ പ്രതിഷേധിച്ചത്.
കഴിഞ്ഞ ജനുവരി 11-നാണ് വൈക്കം ഡിപ്പോയിൽ നിന്നും 8.30 നുള്ള കളക്ട്രേറ്റ് സർവീസിൽ ജോലി ചെയ്തപ്പോഴാണ് പ്രതിഷേധ ബാഡ്ജ് ധരിച്ചത്.
ചട്ടങ്ങൾക്ക് വിരുദ്ധമായി സർക്കാരിനും കോർപ്പറേഷനും അപകീർത്തി വരുത്തുകയും അച്ചടക്ക ലംഘനം നടത്തുകയും ചെയ്തതിനാലാണ് ശിക്ഷാ നടപടി സ്വീകരിക്കുന്നതെ ന്നും അതിന്റെ ഭാഗമായി സ്ഥലം മാറ്റുന്നതെന്നും ഉത്തരവിൽ പറയുന്നു.