കൊച്ചി: തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയതായി കെഎസ്ആര്‍ടിസി എംഡിയുടെ റിപ്പോര്‍ട്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആര്യനാട് യൂണിറ്റിലെ സ്റ്റേഷന് മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, സെക്യൂരിറ്റി ഗാര്‍ഡ് എസ്.ആര്. സുരേഷ് കുമാര്‍, ജൂണിയര്‍ അസിസ്റ്റന്റ് ഡി.പി. മിലന് ഡോറിച്ച് എന്നിവരെ സസ്പെന്‍ഡ് ചെയ്തതതായാണ് കെഎസ്ആര്‍ടിസി എംഡി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് മകളുടെ കണ്സഷന് കാര്‍ഡ് പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനന് മര്‍ദ്ദനമേറ്റത്.
കണ്സഷന് കാര്‍ഡ് പുതുക്കാന്‍ മതിയായ കോഴ്സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പ്രേമനനെ മനസിലാക്കി കൊടുക്കാന്‍ ജീവനക്കാര്‍ നടത്തിയ ശ്രമമാണ് ഒടുവില്‍ തര്‍ക്കത്തിലും മര്‍ദ്ദനത്തിലും കലാശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സമയം കാട്ടാക്കട ഡിപ്പോയിലെത്തിയ ആര്യനാട് യൂണിറ്റിലെ സ്റ്റേഷന് മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ് പ്രേമനന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ചതു വാക്കു തര്‍ക്കത്തിലും മര്‍ദ്ദനത്തിലും അവസാനിച്ചു.
ഈ സംഭവം പൊതുജനമധ്യത്തില്‍ കെഎസ്ആര്‍ടിസിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കി. സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധ സമരവുമായെത്തിയ ഒരുകൂട്ടമാളുകള്‍ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കെഎസ്ആര്‍ടിസി ബസിന് കേടു പാടുകള്‍ വരുത്തിയെന്നും സംഭവത്തെത്തുടര്‍ന്ന് കാട്ടാക്കട പോലീസ് കേസെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം മാധ്യമങ്ങളില്‍ നിന്നറിഞ്ഞ ജസ്റ്റീസ് ദേവന് രാമചന്ദ്രന് കെഎസ്ആര്‍ടിസി എംഡിയോട് അടിയന്തര റിപ്പോര്‍ട്ടു തേടിയിരുന്നു.