പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : ശമ്പള പരിഷ്കരണം നടപ്പാക്കി ഒന്നര വർഷമായിട്ടും സർക്കാരിന്റെ പ്രതീക്ഷയ്ക്കൊത്ത് കെ എസ് ആർ ടി സി ഉയരുന്നില്ലെന്നാണ് സർക്കാരിനന്റെ വിലയിരുത്തലെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ ശബ്ദ സന്ദേശം.
ഉദ്ദേശിച്ച ഉല്പാദനക്ഷമത നേടാനാകുന്നില്ല എന്നാണ് മന്ത്രിമാരുടെ പരാതിയെന്നും ജീവനക്കാർക്കുള്ള ഓണ സന്ദേശത്തിൽ ബിജു പ്രഭാകർ വ്യക്തമാക്കുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കെ എസ് ആർ ടി സിയേയും ബാധിക്കുന്നുണ്ട്.
അംഗീകൃത യൂണിയനുകൾ ആവശ്യപ്പെട്ടത് പോലെ ഓണം അലവൻസും ഓണം അഡ്വാൻസും നല്കും. ഇതിനായി ബാങ്കുകളുമായി ചർച്ച നടത്തുന്നുണ്ട്.
ജീവനക്കാരുടെ എല്ലാ കാര്യങ്ങളിലും പരമാവധി വിട്ടുവീഴ്ച ചെയ്യുന്നുണ്ട്. ഇനിയും ചെയ്യും. കെ എസ് ആർടിസി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അവസാന ഓണമായിരിക്കും ഇതെന്ന് സിഎംഡി പ്രത്യാശിക്കുന്നു.
ഓണക്കാലത്ത് പ്രതിദിന വരുമാനം ഒമ്പത് കോടിയായി വർധിപ്പിക്കണം. പ്രതിമാസ വരുമാനം 300 കോടിയിലെത്തിക്കാൻ കൂട്ടായ പരിശ്രമം നടത്തണം. ഡോക്കുകളിൽ കയറ്റിയിട്ടിരിക്കുന്ന 524 ബസുകൾ നിരത്തിലിറക്കണം.
ഈ ബസുകൾ നിരത്തിലിറക്കിയാൽ തന്നെ 25 ലക്ഷത്തോളം രൂപ പ്രതിദിന വരുമാനമുണ്ടാക്കാൻ കഴിയും. സ്പെയർ പാർട്ട്സുകൾക്ക് 7കോടി വരെയായിരുന്നത് ഇപ്പോൾ 14കോടിയായി വർധിച്ചിട്ടുണ്ട്.
ഒന്നിനു പിറകെഒന്നായി ബസുകൾ ഓടിച്ച് ഡീസൽ നഷ്ടമുണ്ടാക്കരുതെന്നും സിഎംഡി ഉപദേശിച്ചു. പ്രതിമാസ വരുമാനം 300 കോടിയിലെത്തിയാൽ ആരുടെ മുന്നിലും കൈ നീട്ടാതെ കെഎസ്ആർടിസിക്ക് മുന്നോട്ടു പോകാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.