തൃശൂർ: ലോക തൊഴിലാളി ദിനത്തിൽ കെഎസ്ആർടിസി ബസിൽ കണ്ടക്ടറായി ജോലി ചെയ്ത് എംഡി ടോമിൻ ജെ. തച്ചങ്കരി. തിരുവനന്തപുരത്തുനിന്നും ഗുരുവായൂർക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറിലാണ് ജീവനക്കാരുടെ യൂണിഫോമിട്ട് ടിക്കറ്റ് മെഷീനുമായി തച്ചങ്കരി കണ്ടക്ടറായി ജോലി ചെയ്തത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ആർടി ഓഫീസിൽനിന്ന് തച്ചങ്കരി കണ്ടക്ടർ ലൈസൻസ് എടുത്തിരുന്നു. മാസങ്ങൾക്കുശേഷം കെഎസ്ആർടിസി ജീവനക്കാർക്കു കൃത്യസമയത്തു ശമ്പളം നൽകിയും തച്ചങ്കരി കഴിഞ്ഞ ദിവസം ജീവനക്കാരെ ഞെട്ടിച്ചിരുന്നു. കുറച്ചു മാസങ്ങളായി പത്താം തീയതിക്കു ശേഷമായിരുന്നു ശമ്പളവിതരണം നടന്നിരുന്നത്. ഇതിനാണ് മാറ്റം വന്നത്.
ഇക്കുറി മാസാവസാനം തന്നെ ശമ്പളം ലഭിച്ചതോടെ തച്ചങ്കരിക്ക് അഭിനന്ദനവുമായി ജീവനക്കാരുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിലെത്തി. ജീവനക്കാർക്കു കൃത്യമായി ശമ്പളം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.