ഈരാറ്റുപേട്ട ഡിപ്പോയിലെ ഒരു ബസ് ആലുവയിലേയ്ക്ക് മാറ്റിയപ്പോള്‍ അതിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ത്ഥി കൂടിയായിരുന്ന പെണ്‍കുട്ടി പരാതിയുമായി കെഎസ്ആര്‍ടിസിയെ തന്നെ സമീപിക്കുകയും അതറിഞ്ഞ എംഡി നേരിട്ടിടപെട്ട് ബസ് തിരിച്ചുകൊടുത്തതും വാര്‍ത്തയായിരുന്നു.
ബസിനെ ചങ്ക് എന്ന് പെണ്‍കുട്ടി വിശേഷിപ്പിച്ചതിനാല്‍ ആ ബസിനും ചങ്ക് എന്ന് പേര് നല്‍കാനും എംഡി ടോമിന്‍ തച്ചങ്കരി ഉത്തരവായിരുന്നു. അത് വളരെയധികം വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ അന്ന് ആ പെണ്‍കുട്ടി ആവശ്യപ്പെട്ടതിന് സമാനമായ കാര്യം തന്നെ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. എംഡി ടോമിന്‍ തച്ചങ്കരിയ്ക്കയച്ച തുറന്ന കത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
‘പ്രിയപ്പെട്ട തച്ചങ്കരി സാര്‍… ഞങ്ങളുടെ നാടിന്റെ ‘ചങ്കാണ് ‘ സാര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്. ഞങ്ങളില്‍ പലരുടെയും മാതാപിതാക്കള്‍ പുലര്‍ച്ചെ 6 മണിയോടെ പാലായ്ക്കുപോകുന്നതും രാത്രി 9.30 ഓടെ നാട്ടിലേക്ക് തിരിച്ചു വരുന്നതും ഈ ബസ്സിലായിരുന്നു സാര്‍.
കഴിഞ്ഞ ഒരുമാസമായി ഈ സര്‍വ്വീസ് നിറുത്തിവച്ചിരിക്കുകയാണ് സാര്‍. ഒരു ചേച്ചി ആവശ്യപ്പെട്ടപ്പോള്‍ ‘ചങ്കുബസ്സ് ‘തിരിച്ചുകൊടുത്ത സാര്‍, ഞങ്ങള്‍ മുന്നൂറോളം കുട്ടികളുടെ അപേക്ഷ കേള്‍ക്കാതിരിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് . എത്രയും വേഗം ഞങ്ങളുടെ റൂട്ടിലെ സ്റ്റേ സര്‍വ്വീസ് പുനരാരംഭിക്കണം സാര്‍…!”
ഏഴാച്ചേരി ജി.വി.യു.പി. സ്‌കൂളിലെയും, സെന്റ് ജോണ്‍സ് എല്‍.പി. സ്‌കൂളിലെയും, ചിറ്റേട്ട് ഗവ. എല്‍.പി. സ്‌കൂളിലെയും, അന്ത്യാളം സെന്റ്മാത്യൂസ് എല്‍.പി. സ്‌കൂളിലെയും ഏഴാച്ചേരി അംഗനവാടിയിലെയും കുട്ടികള്‍ ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി ടോമിന്‍ ജെ. തച്ചങ്കരിക്ക് ഇന്നു നല്കുന്ന നിവേദനത്തിന്റെ തുടക്കമാണിത്.
*ഏഴാച്ചേരി സ്റ്റോണേജ് നേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും ഒത്തു ചേര്‍ന്ന് ഭീമഹര്‍ജ്ജി തയ്യാറാക്കിയിട്ടുള്ളത്. *
രാമപുരം സ്റ്റേ ബസ്സ് സര്‍വ്വീസുകള്‍ നിറുത്തിയത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.കെ.ജി വിദ്യാര്‍ത്ഥികള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍വരെ ഒപ്പിട്ട ഭീമഹര്‍ജ്ജി ഇന്ന് പാലായിലെത്തുന്ന കെ.എസ്.ആര്‍.ടി.സി ,എം.ഡി. ടോമിന്‍ തച്ചങ്കരിക്ക് നല്കും.
പതിറ്റാണ്ടുകളായി രാത്രി 9.20 ന് ഏഴാച്ചേരി വഴിയും 9.30 ന് ചക്കാമ്പുഴ വഴിയും രാമപുരത്തേക്ക് നടത്തിയിരുന്ന സ്റ്റേ ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി. പാലാ ഡിപ്പോ അധികാരികള്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കിയിരുന്നു.
പുലര്‍ച്ചെ 5.30 ന് ചക്കാമ്പുഴ വഴിയും 6 ന് ഏഴാച്ചേരി വഴിയും ഏറ്റവും ആദ്യം പുറപ്പെടുന്ന സര്‍വ്വീസുമായിരുന്നു ഇത്. രാത്രിയിലെ അവസാന ട്രിപ്പും പുലര്‍ച്ചയിലെ ആദ്യ ട്രിപ്പും നിര്‍ത്തലാക്കിയതോടെ പാലായില്‍ നിന്ന് രാത്രി രാമപുരം റൂട്ടിലും രാമപുരത്തുനിന്ന് പുലര്‍ച്ചെ പാലാ റൂട്ടിലും പോകേണ്ട യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്.
ഇതോടൊപ്പം രാമപുരം റൂട്ടിലുള്ള ഇരുപതില്‍പരം ട്രിപ്പുകളാണ് അടുത്ത കാലത്തായി പാലാ ഡിപ്പോയില്‍ നിന്നും നിര്‍ത്തലാക്കിയത്. ഇത് ഒരു തൊഴിലാളി യൂണിയന്‍ നേതാവും സ്വകാര്യബസ്സ് മുതലാളിമാരുമായുള്ള ഒത്തുകളിയുടെ ഭാഗമായാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
നല്ല കളക്ഷനുള്ള രാമപുരം സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുമ്പോഴും ഏഴായിരം രൂപയില്‍ താഴെ മാത്രം കളക്ഷനുള്ള ഒരു സര്‍വ്വീസ് ഡിപ്പോയിലെ യൂണിയന്‍ നേതാവിന്റെ വീട്ടുപടിക്കല്‍ക്കൂടി ഇപ്പോഴും മുടങ്ങാതെ ഓടുന്ന വിവരവും യാത്രക്കാര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.