എംഡിയായി ടോമിന് തച്ചങ്കരി ചുമതലയേറ്റതു മുതല്‍ അടിമുടി പരിഷ്കാരങ്ങള്‍ക്ക് വിധേയമാവുകയാണ് കെഎസ്ആര്‍ടിസി. ഇപ്പോഴിതാ പുതിയൊരു നടപടി കൂടി കെഎസ്ആര്‍ടിസിയില്‍ തച്ചങ്കരി വരുത്തിയിരിക്കുന്നു. ആറുമാസത്തിനിടെ പത്തുദിവസത്തില്‍ താഴെ മാത്രം ജോലിചെയ്ത 153 കെ.എസ്.ആര്.ടി.സി. ജീവനക്കാരെ സ്ഥലംമാറ്റിയിരിക്കുകയാണിപ്പോള്.
ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. മാറ്റിയ 33 കണ്ടക്ടര്‍മാരില്‍ വനിതകളുമുണ്ട്. ജീവനക്കാര്‍ കുറഞ്ഞ കാസര്‍കോട്ടേക്കാണ് മിക്കവരെയും നിയമിച്ചത്. ജൂണ്‍ 23-നാണ് ഇതുസംബന്ധിച്ച ഉത്തരവ് മാനേജിങ് ഡയറക്ടര്‍ പുറപ്പെടുവിച്ചത്. കൃത്യമായി ജോലിക്കെത്താത്ത ഇത്തരം ജീവനക്കാരെക്കൊണ്ട് കോര്പ്പറേഷന് യാതൊരു പ്രയോജനവുമില്ലന്ന് അധികൃതര്‍ പറയുന്നു.
ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥാപനത്തില്‍ പുതിയ തൊഴില്‍ സംസ്കാരമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ജീവനക്കാരന് വര്‍ഷത്തില്‍ 20 ദിവസംപോലും ജോലി ചെയ്യാതിരുന്നാല്‍ സ്ഥാപനത്തിനോ അയാള്‍ക്കോ പ്രയോജനമില്ല.
ഡ്രൈവര്‍മാരുടെ ക്ഷാമംകാരണം പല ഷെഡ്യൂളുകളും മുടങ്ങുന്നുവെന്നും അധികൃതര്‍ പറയുന്നു. അതേസമയം, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഉത്തര കേരളത്തിലേക്ക് മാറ്റിയത് ക്രൂരമാണെന്നാണ് ജീവനക്കാരുടെ ആരോപണം.