തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്ത്. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെയാണു സംഘടനകൾ എംഡിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.
കെഎസ്ആർടിസി എംഡിയായതു മുതൽ നിരവധി പരിഷ്കാരങ്ങളാണ് ടോമിൻ ജെ. തച്ചങ്കരി കൊണ്ടുവന്നത്. അതു ഡ്യൂട്ടി പരിഷ്കരണം മുതൽ ജീവനക്കാരുടെ പിരിച്ചുവിടൽ വരെ എത്തിനിൽക്കുന്നു. എംഡി സ്ഥാനത്തു തച്ചങ്കരിയുടെ മുന്നോട്ടുപോക്ക് സുഗമമാകില്ലെന്ന സൂചനകളാണ് ഭരണപക്ഷ സംഘടനകളായ സിഐടിയുവും എഐടിയുസിയും നൽകുന്നത്. ജീവനക്കാരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് എംഡി നടത്തുന്നതെന്ന് കോണ്ഗ്രസ് സംഘടനയായ ടിഡിഎഫ് ആരോപിക്കുന്നു.
കെഎസ്ആർടിസി ജീവനക്കാരെ അപകീർത്തിപ്പെടുത്തുന്നതും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രസ്താവനകൾ എംഡി പിൻവലിക്കണമെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ(സിഐടിയു) ആവശ്യപ്പെടുന്നു.
കണ്ടക്ടർമാർ ടിക്കറ്റ് കൗണ്ടറുകളിലെ അടക്കം മറ്റു ഡ്യൂട്ടികൾ നിർവഹിക്കുന്നത് അവസാനിപ്പിക്കുമെന്ന എംഡിയുടെ നിർദേശത്തിനെതിരെയും സിഐടിയു രംഗത്തുണ്ട്. സർവീസിനിടയിൽ സംഭവിച്ച അപകടങ്ങൾ മൂലം ഗുരുതരമായി പരിക്കേറ്റ ജീവനക്കാരെയും ഗുരുതരമായ ശാരീരിക അവശതകളുള്ളവരെയും വ്യവസ്ഥാപിതമായ രീതിയിൽ സംരക്ഷിക്കണം.
കെഎസ്ആർടിസിയിൽ ആരാണു പണിയെടുക്കാതെ ശമ്പളം വാങ്ങുന്നതെന്ന് മാനേജ്മെന്റ് വ്യക്തമാക്കണമെന്നും സിഐടിയു ആവശ്യപ്പെടുന്നു. സർക്കാർ വരുത്തിവച്ച നഷ്ടങ്ങളെല്ലാം തൊഴിലാളികളുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതു ശരിയല്ലെന്നു ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) ഭാരവാഹികൾ പറയുന്നു.
കെഎസ്ആർടിസി ജീവനക്കാരെ അവഹേളിക്കുന്ന എംഡി ടോമിൻ തച്ചങ്കരിയുടെ നിലപാട് പ്രതിഷേധാർഹമെന്ന് ടിഡിഎഫ്(ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ തന്പാനൂർ രവി പറഞ്ഞു. തൊഴിലാളികളുടെ പ്രശ്നങ്ങൾ കൃത്യമായി പഠിക്കാതെയും കാര്യങ്ങൾ വേണ്ടവിധം മനസിലാക്കാതെയുമാണ് എംഡി ഓരോ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത്.
30 ശതമാനം തൊഴിലാളികൾ പണിക്കു കൊള്ളാത്തവരാണെന്ന എംഡിയുടെ കണ്ടെത്തൽ എന്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം. അപ്രായോഗിക നിർദേശങ്ങളുള്ള സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കി ജീവനക്കാരെ ദ്രോഹിക്കാനാണ് എംഡിയും സർക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.