കൽപ്പറ്റ: ഡ്യൂട്ടി പാറ്റേണ്‍ പരിഷ്കാരത്തിനെതിരായ സമരത്തിൽ കെഎസ്ആർടിസിയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ സ്വീകരിച്ച നിലപാട് യൂണിയൻ നേതാക്കൾക്ക് പ്രഹരമായി. ബുധനാഴ്ച മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് സമരം അവസാനിപ്പിച്ചതായി അറിയിച്ചിട്ടും മെക്കാനിക്കൽ വിഭാഗത്തിലെ സ്ഥിരം ജീവനക്കാർ പണിമുടക്ക് തുടർന്നതാണ് പ്രബല യൂണിയനുകളുടെ നേതാക്കൾക്ക് തിരിച്ചടിയായത്. കോണ്‍ഗ്രസ് അനുകൂല ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫെഡറേഷനും സിഐടിയു അഫിലിയേഷനുള്ള കെഎസ്ആർടിഇഎയുമാണ് കോർപറേഷനിലെ പ്രബല യൂണിയനനുകൾ.
ഇവയ്ക്ക് അമരം പിടിക്കുന്നവരുടെ നിർദേശം തള്ളിയ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ കോർപറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉച്ചയോടെ സമരം താത്കാലികമായി നിർത്തിവച്ചത്. പുതുക്കിയ ഡ്യൂട്ടി പാറ്റേണ്‍ പ്രകാരം 10 ദിവസം ജോലി ചെയ്യണമെന്നും ഇതിനിടെ പരിഷ്കാരവുമായി ബന്ധപ്പെട്ട് കണ്ടെത്തുന്ന പോരായ്മകൾ പരിഹരിക്കുമെന്നും ഉറപ്പുനൽകിയതിനെത്തുടർന്നാണ് സമരം തത്കാലത്തേക്ക് പിൻവലിച്ചതെന്ന് മെക്കാനിക്കൽ വിഭാഗം ജീവനക്കാർ പറഞ്ഞു.
മന്ത്രിയുമായി ചർച്ച നടത്തിയ പ്രബല യൂണിയനുകളുടെ നേതാക്കൾ തങ്ങളോട് നീതി പുലർത്തിയില്ലെന്ന ഖിന്നതയിലാണ് സംസ്ഥാന വ്യാപകമായി മെക്കാനിക്കൽ വിഭാഗം ജീവനക്കാർ. യൂണിയനുകളെ പ്രതിനിധാനം ചെയ്ത് മന്ത്രിയുമായി ചർച്ച നടത്തിയവരിൽ മെക്കാനിക്കൽ വിഭാഗത്തിൽനിന്നുള്ള ഒരാൾപോലും ഉണ്ടായിരുന്നില്ല. കോർപറേഷനിലെ വിവിധ തൊഴിലാളി സംഘടനകളുടെ താക്കോൽസ്ഥാനങ്ങളിൽ മെക്കാനിക്കൽ വിഭാഗത്തിലുള്ളവർ ഇല്ലാതിരുന്നതാണ് ഇതിനു കാരണമായത്.
മന്ത്രിയുമായുള്ള ചർച്ചയിൽ യൂണിയൻ നേതാക്കൾ തങ്ങൾക്കുവേണ്ടി ശക്തമായി വാദിച്ച് പഴയ ഡ്യൂട്ടി പാറ്റേണ്‍ പുനഃസ്ഥാപിപ്പിക്കുമെന്നായിരുന്നു മെക്കാനിക്കൽ വിഭാഗക്കാരുടെ പ്രതീക്ഷ. അത് അസ്ഥാനത്തായപ്പോഴാണ് യൂണിയൻ നേതാക്കളുടെ നിലപാടിനെ തള്ളി അവർ സമരം തുടർന്നത്. തങ്ങളെ ഡിപ്പോകളിൽ തളച്ചിടുന്ന മട്ടിൽ ഡ്യൂട്ടി പാറ്റേണ്‍ പരിഷ്കരിച്ചതുകൊണ്ടുമാത്രം കഐസ്ആർടിസിയുടെ നില മെച്ചപ്പെടില്ലെന്ന് മെക്കാനിക്കൽ വിഭാഗം ജീവനക്കാർ പറയുന്നു. പരമാവധി ബസുകൾ റൂട്ടിൽ ഇറക്കുന്നതിനും ലാഭകരമായി ഓടിക്കുന്നതിനുമുള്ള നടപടികളാണ് കോർപറേഷൻ സ്വീകരിക്കേണ്ടത്.
ആവശ്യത്തിനു കണ്ടക്ടർമാർ ഇല്ലാത്തതിനാൽ ഓരോ ഡിപ്പോയിലും പത്തും പതിനഞ്ചും ബസുകളാണ് വെറുതെ കിടക്കുന്നത്. പിഎസ്സി റാങ്ക് ലിസ്റ്റ് ഉണ്ടായിട്ടും കണ്ടക്ടർ നിയമം നടത്തുന്നില്ല. മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ വൈദഗ്ധ്യം കഴിയുന്നത്ര ഉപയോഗപ്പെടുത്തുന്നതിലും കോർപറേഷൻ മേധാവികൾക്ക് ശുഷ്കാന്തിയില്ല.
ബസുകളുടെ യന്ത്രത്തകരാർ അടക്കം പരിഹരിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ ഡിപ്പോകളിൽ എവിടെയും ഇല്ലാത്ത സ്ഥിതിയാണ്. ഓടിത്തെളിഞ്ഞ റൂട്ടുകളിൽനിന്നു ബസുകൾ പിൻവലിക്കുന്നതും കഐസ്ആർടിസിയിൽ വരുമാനനഷ്ടത്തിനുള്ള കാരണങ്ങളിൽ ഒന്നാണ്- വയനാട്ടിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ പ്രതിനിധികൾ പറഞ്ഞു. മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടേത് മാത്രമായ ട്രേഡ് യൂണിയൻ തത്കാലം ആലോചനയിലില്ലെന്ന് അവർ വെളിപ്പെടുത്തി.