പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ മെക്കാനിക്കുകളെ തസ്തിക മാറ്റി നിയമിച്ചതിന് പിന്നാലെ കണ്ടക്ടർമാരെയും തസ്തിക മാറ്റി നിയമിച്ചു.
22 കണ്ടക്ടർമാരെയാണ് കഴിഞ്ഞ ദിവസം ടിക്കറ്റ് ആന്റ് കാഷ് വിഭാഗത്തിലേയ്ക്ക് നിയമിക്കാൻ ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവായത്.
കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി 67 മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ ടിക്കറ്റ് ആന്റ് കാഷ് വിഭാഗത്തിലേയ്ക്കും യാത്രാ ഫ്യുവെൽസ് പമ്പുകളിലേയ്ക്കും മാറ്റി നിയമിച്ചിരുന്നു.
വർക്ക് ഷോപ്പുകളിൽ ജീവനക്കാർ അധികമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് മെക്കാനിക്കുകളെ തസ്തിക മാറ്റി നിയമിക്കുന്നത്.
ഇതിനകം നൂറിലധികം മെക്കാനിക്കുകളെ തസ്തിക മാറ്റം മുഖേന പുനർവിന്യസിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് കണ്ടക്ടർമാർക്ക് തസ്തിക മാറ്റം അനുവദിക്കുന്നത്.
കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ 22 കണ്ടക്ടർമാരെയും മൂന്ന് മെക്കാനിക്കുകളെയുമാണ് ടിക്കറ്റ് ആന്റ് കാഷിലേക്ക് മാറ്റിയത്.
തസ്തിക മാറ്റത്തിന് അപേക്ഷിച്ചവരെയാണ് മാറ്റിയതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നിഷ് മുഖാന്തിരം ഇന്റർവ്യൂ നടത്തി ആ ശിപാർശയുടെ അടിസ്ഥാനത്തിൽ ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധം തസ്തിക മാറ്റം നടപ്പാക്കണം.
ചീഫ് ഓഫീസിൽ നിന്നുള്ള ഉത്തരവില്ലാതെ ടിക്കറ്റ് ആന്റ് കാഷ് കൗണ്ടറിൽ ജോലി ചെയ്യുന്ന കണ്ടക്ടർമാരെ ഉടൻ മാതൃ തസ്തികയിലേക്ക് തിരിച്ചയയ്ക്കണമെന്നും കർശന നിർദ്ദേശം നല്കിയിട്ടുണ്ട്.