തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിലെ നിർണായക ദൃശ്യങ്ങളുടെ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിൽ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. തന്പാനൂർ ബസ് ടെർമിനലിലെ ജീവനക്കാരിൽനിന്നു പോലീസ് മൊഴിയെടുത്തെങ്കിലും കുടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മൊഴിയെടുക്കൽ ഇന്നും തുടരും.
കെഎസ്ആർടിസിയുടെ പാപ്പനംകോട്ടുള്ള വർക്ക് ഷോപ്പിൽ വച്ചാണ് സൂപ്പർ ഫാസ്റ്റ് ബസിൽ കാമറകൾ സ്ഥാപിച്ചതെന്ന് ജീവനക്കാർ മൊഴി നൽകിയിരുന്നു. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും മെമ്മറി കാർഡ് കാണാതായത് എങ്ങനെയെന്നും ആരാണ് എടുത്ത് മാറ്റിയതെന്നും പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കെഎസ്ആർടിസി ഓഫീസറുടെ പരാതിയിൽ തന്പാനൂർ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സൂപ്പർഫാസ്റ്റ് ബസിൽ സ്ഥാപിച്ചിരുന്ന മൂന്ന് സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ പരിശോധിക്കാനായി പോലീസ് ഡിവിആർ പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്.
അതേസമയം ബസ് തടയുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, മറ്റ് മൂന്ന് പേർ എന്നിവർക്കെതിരേ കേസെടുക്കണമെന്ന ഡ്രൈവർ യദുവിന്റെ ഹർജി വഞ്ചിയൂർ കോടതി ഇന്ന് പരിഗണിക്കുകയാണ്.
യദു ഡ്യൂട്ടിസമയത്ത് വാഹനം ഓടിക്കവെ ഒരു മണിക്കൂറിലേറെ സമയം ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസിക്ക് കന്റോണ്മെന്റ് പോലീസ് റിപ്പോർട്ട് നൽകും. കെഎസ്ആർടിസി വിജിലൻസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തും. യദുവിനെതിരേ രംഗത്ത് വന്ന സിനിമാ നടിയുടെ ആരോപണങ്ങളും കെഎസ്ആർടിസി അന്വേഷിക്കുന്നുണ്ട്.
ഓവർടേക്കിംഗുമായി ബന്ധപ്പെട്ട് പാളയം യൂണിവേഴ്സ്റ്റി കോളജിന് മുന്നിൽ വച്ച് മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സഞ്ചരിച്ച കാർ ബസിന് കുറുകെ ഇട്ട ശേഷം ബസിൽനിന്നു യാത്രക്കാരെ ഇറക്കി വിടുകയായിരുന്നു. ഈ രംഗങ്ങൾ എല്ലാം ബസിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ ദൃശ്യങ്ങൾ ഉപകരിക്കുമെന്നും യദു കെഎസ്ആർടിസി അധികൃതരെ അറിയിച്ചിരുന്നു.