‘കോട്ടയം: കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കുന്ന മിനി ബസുകള്‍ ഹൈറേഞ്ച് റൂട്ടുകളില്‍ പ്രായോഗികമാകില്ലെന്ന് ജീവനക്കാര്‍. കുമളി, കട്ടപ്പന റൂട്ടുകളില്‍ നിറയെ ആളുമായി മിനി ബസുകള്‍ കയറ്റം കയറില്ലെന്നും യാത്ര സുരക്ഷിതമാകില്ലെന്നുമാണ് ആശങ്ക.
മിനി ബസുകളില്‍ യാത്രക്കാരെ നിർത്തി സര്‍വീസ് നടത്തുക ദുഷ്ക്കരമാണ്.
48 സീറ്റ് വലിയ ബസുകളില്‍ 15 പേരെ നിർത്തി കൊണ്ടുപോകാന്‍ അനുമതിയുണ്ട്. കോട്ടയത്തുനിന്നു സൂപ്പര്‍ ഫാസ്റ്റും ടൗണ്‍ ടു ടൗണും മൂന്നു മണിക്കൂറിലും ഫാസ്റ്റ് പാസഞ്ചര്‍ മൂന്നു മണിക്കൂറിലും ഓര്‍ഡിനറി നാലു മണിക്കൂറിലും കുമളിയിലും കട്ടപ്പനയിലും ഓടിയെത്തേണ്ടതാണ്. മിനി ബസ് ഈ സമയത്തിനുള്ളില്‍ ഓടിയെത്തില്ല. മാത്രവുമല്ല കൊടുംവളവുകളും കുത്തിറക്കവുമുള്ള ഹൈറേഞ്ച് പാതയില്‍ ചെറു ബസുകളുടെ സര്‍വീസ് അപകടത്തിന് കാരണമാകും.
2002ല്‍ കെഎസ്ആര്‍ടിസി 350 മിനി ബസുകള്‍ വാങ്ങിയിരുന്നു. തുടര്‍ച്ചയായി കേടുപാടുകള്‍ വന്നതോടെ നഷ്ടം പെരുത്തു. അറ്റകുറ്റപ്പണിക്ക് വന്‍തുക മുടക്കേണ്ടിവന്നതിനാല് ബസുകള്‍ കട്ടപ്പുറത്തായി. പത്താം വര്‍ഷം ബസുകള്‍ പൂര്‍ണമായും പിന്‍വലിക്കേണ്ടിവന്നു. അക്കാലത്ത് 12 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബസുകള്‍ അര ലക്ഷം രൂപയ്ക്കാണ് തൂക്കി വിറ്റത്.
സര്‍ക്കാര്‍ അനുവദിച്ച 95 കോടിയില്‍നിന്ന് വീണ്ടും 200 ചെറിയ ബസുകള്‍ വാങ്ങാനാണ് നീക്കം. 32 സീറ്റുകളുള്ള ബസുകളാണ് ഉടനെത്തുന്നത്. ശമ്പളംപോലും കൃത്യമായി നല്കാന് കഴിയാത്ത കെഎസ്ആര്‍ടിസിക്ക് ഇനിയൊരു തിരിച്ചടികൂടി താങ്ങാന്‍ കഴിയില്ലെന്നതാണ് ജീവനക്കാരുടെ ആശങ്ക.
വലിയ ബസുകളുടെ അത്രയും തന്നെ ഇന്ധനം ചെറിയ ബസുകള്‍ക്കും വേണം. നിരപ്പായ പാതയിലും ടൗണ്‍ സര്‍വീസിലും മിനി ബസുകള്‍ കുറെയൊക്കെ നേട്ടമാണെങ്കിലും ദീര്‍ഘ സര്‍വീസുകള്‍ പ്രായോഗികമാവില്ല.