പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ പ്രതിമാസ ടിക്കറ്റ് വരവ് ശരാശരി 220 കോടിയോളം രൂപ. കെഎസ്ആർടിസി യുടെ കണക്കുകളിൽ പ്രതിമാസ ചെലവ് ശരാശരി 270 കോടിയോളം.
വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളിലാണ് ഈ കണക്ക്. എന്നാൽ ഈ കണക്ക് യുക്തിക്ക് നിരക്കുന്നതല്ലെന്നും ലാഭത്തിലാണെന്നും തൊഴിലാളികളുടെ കൂട്ടായ്മയായ ഫോറം ഫോർ ജസ്റ്റിസ് പറയുന്നു.
3400 ബസ് സർവീസുകളാണ് പ്രതിദിനംകെഎസ്ആർടിസി നടത്തുന്നത്. ഡീസൽ ചിലവായി 97 കോടി രൂപയും മൊത്തം ശമ്പളം വിതരണത്തിന് 71.75 കോടിയും ബാങ്ക് കൺസോർഷ്യത്തിന്റെ 3500 കോടി വായ്പയുടെ കടമയ്ക്കാൻ 30. 18 കോടിയുമാണ് വേണ്ടി വരുന്നത്.
സ്പെയർ പാർട്ട്സ്, ടയർ – 8.9 കോടി , എം എസി ടി -6.8 കോടി , ഓവർ ഡ്രാഫ്റ്റ് – 42.12 കോടി, റ്റി ഡി എസ് – 1.27 കോടി , ഇൻഷുറൻസ് -0.11 കോടി , ടോൾ – 194 കോടി , പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റ് – 3.00 കോടി, ബനിഫിഷറി ഫണ്ട് – 4.38 കോടി , മറ്റ് ചിലവുകൾ – 6.18 കോടി എന്നിങ്ങനെയാണ് ഓരോ മാസത്തെയും ശരാശരി ചെലവുകൾ.
ഇതിൽ ഓവർ ഡ്രാഫ്റ്റായി എടുക്കുകയും അടയ്ക്കുകയും ചെയ്യുന്ന പണം കെഎസ്ആർടിസിയുടെ ചെലവുകളിൽ സ്ഥിരമായി കാണിക്കുകയാണ്.
യഥാർഥത്തിൽ ഓവർ ഡ്രാഫ്റ്റിന്റെ പലിശ മാത്രമേ ചെലവു വരുന്നുള്ളൂ എന്നാണ് എഫ് എഫ് ജെ ചൂണ്ടിക്കാട്ടുന്നത്. ഓവർ ഡ്രാഫ്റ്റിന്റെ 50 കോടി കണക്കിൽ നിന്നൊഴിവാക്കിയാൽ ചെലവ് 220 കോടിയോളമേ വരികയുള്ളൂ.
ചിലവും വരവും ഏകദേശം 220 കോടിയോളമാണ്. ശമ്പളം നല്കാനായി സംസ്ഥാന സർക്കാർ മാസം തോറും 30 കോടി ഏറ്റവും കുറഞ്ഞത് അനുവദിക്കുന്നുണ്ട്.
സർക്കാർ അനുവദിക്കുന്ന 30 കോടി കൂടി വരുമാനത്തിൽ കണക്കാക്കിയാൽ 250 കോടിയാകും. ചെലവ് 220 കോടിയോളവും. 30 കോടിയോളം അധികമായിട്ടും യഥാസമയം ശമ്പളം നല്കാൻ മാനേജ്മെന്റ് തയാറാകുന്നില്ല എന്നാണ് ജീവനക്കാരുടെ ആരോപണം.