മൂലമറ്റം: കെ എസ്ആർടിസി ബസിൽ വനിത യാത്രക്കാരിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം അശോക കവലയിൽ നിന്നു ബസിൽ കയറിയ ഗർഭിണിയായ യാത്രക്കാരിയോടാണ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി ഉയർന്നത്.
തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ അറക്കുളം സ്വദേശിനി തൊടുപുഴയ്ക്കു പോകുന്നതിനായി രാവിലെ ബസിൽ കയറി. ഇരിക്കാൻ സീറ്റില്ലാതിരുന്നതിനാൽ കന്പിയിൽ പിടിച്ചു ചാരിനിൽക്കുകയായിരുന്നു. പിൻഭാഗത്തേക്ക് മാറിനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒതുങ്ങിനിൽക്കുകയായിരുന്നു.
തുടർന്നു വളരെ മോശമായ രീതിയിൽ കണ്ടക്ടർ തന്നോടു സംസാരിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. കണ്ടക്ടർക്കെതിരേ തൊടുപുഴ ഡിടിഒ, വനിത പൊലീസ് സെൽ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.