മൂവാറ്റുപുഴ: തുടർച്ചയായി മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസുകൾ റദ്ദ് ചെയ്യുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കളക്ഷനില്ലെന്ന പേരിലായിരുന്നു ഇതുവരെ സർവീസുകൾ റദ്ദ് ചെയ്തിരിക്കുന്നത്. എന്നാൽ ഒരാഴ്ചയായി ഡീസൽ ക്ഷാമത്തെ തുടർന്നാണ് നിരവധി സർവീസുകൾ റദ്ദ് ചെയ്തിരിക്കുന്നത്. തിരക്കേറിയ മൂവാറ്റുപുഴ – കാക്കനാട് റൂട്ടിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന തിങ്കളാഴ്ചയായ ഇന്ന് രാവിലെ തന്നെ യാത്രക്കാരെ മുഴുവൻ പെരുവഴിയിലാക്കി നിരവധി സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
രാവിലെ ബസുകൾ പ്രതീക്ഷിച്ച് നിന്ന വിദ്യാർഥികളും തൊഴിലാളികളും സർക്കാർ ജീവനക്കാരുടെയുമൊക്കെ യാത്ര മുടങ്ങിയത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഏറ്റവും ലാഭകരമായ സർവീസുകൾ വെട്ടിച്ചുരുക്കിയിരിക്കുന്നതു സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കാനാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നതാണ്. ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന റൂട്ടുകളിൽ സർവീസുകൾ റദ്ദ് ചെയ്യുന്നതോടെ കെഎസ്ആർടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ദിവസവും ഉണ്ടാകുന്നത്.
ബസുകൾ സർവീസുകൾ നടത്താത്തതിനെ തുടർന്ന് യാത്രക്കാർ ഡിപ്പോയിലേക്ക് വിളിച്ച് ചോദിച്ചാൽ വ്യക്തമായ മറുപടിപോലും ലഭിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. അതിനാൽ ബസ് വരേണ്ട സമയം കഴിയുന്പോൾ മാത്രമാണ് യാത്രക്കാർ അറിയുന്നത്. ഇതോടെ യഥാസ്ഥലത്ത് പോകാനാവാതെ യാത്രക്കാർ പെരുവഴിയിലാകും. എന്നാൽ വ്യക്തമായ മറുപടി ലഭിച്ചാൽ യാത്രക്കാർ മറ്റു മാർഗങ്ങൾ സ്വീകരിക്കാനാകും. എന്നാൽ മൂവാറ്റുപുഴ ഡിപ്പോയിലെ ജീവനക്കാർ ഇക്കാര്യത്തിൽ അലംഭാവം കാണിക്കുകയാണെന്നും വ്യാപകമായ പരാതിയാണ് ഉയർന്നിരിക്കുന്നത്.