കൊട്ടാരക്കര: രാത്രിയിൽ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി ക്കൊണ്ടു പോയ സംഭവത്തിലെ പ്രതി നിധിന് വാഹനങ്ങൾ കടത്തിക്കൊണ്ടു പോവുകയെന്നത് ഹരമായിരുന്നുവെന്ന് പോലീസ്.
കഴിഞ്ഞ ദിവസമാണ് ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി.എസ് നിവാസിൽ നിധിൻ വി.എസ് പാലക്കാട്ടു നിന്നും കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
ഫെബ്രുവരി ഏഴിന് രാത്രി 11.30നാണ് ആർ എ സി 354 വേണാട് ബസ് കടത്തിക്കൊണ്ടുപോയത്. പിന്നീട് പരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ ബസ് കണ്ടെത്തുകയായിരുന്നു. ഇതിനുശേഷം പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു നിധിൻ.
പാലക്കാട്ടുനിന്നുമാണ് പ്രതി പിടിയിലായത്. വാഹന ഭ്രമം കൂടിയ നിധിൻ നിരവധി ടിപ്പർ മോഷണക്കേസുകളിൽ പ്രതിയാണ്. വീട്ടിൽ നിന്നും പണ്ടേ നാടുവിട്ടു പോയി.ടിപ്പറുകളോടാണ് നിധിന് താൽപ്പര്യക്കൂടുതൽ.
സൗകര്യപ്രദമായി കിട്ടുന്ന വാഹനങ്ങൾ കടത്തിക്കൊണ്ടു പോകും. സ്ഥിരമായി ഒരിടത്തും നിൽക്കാതെ കറങ്ങി നടക്കും. ആദ്യമായാണ് ബസ് കടത്തുന്നത്. പാരിപ്പള്ളിയിൽ ഉപേക്ഷിച്ച ശേഷം കൊല്ലത്തെത്തി പാലക്കാടിനു പോവുകയായിരുന്നു.