മുണ്ടക്കയം: മുണ്ടക്കയത്ത് നിന്ന് ആരോഗ്യ പ്രവർത്തകർക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി മേഖലകളിലെ ആരോഗ്യപ്രവർത്തകർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നത്.
രാവിലെ അഞ്ചിന് പൊൻകുന്നത്തുനിന്നും സർവീസ് ആരംഭിക്കുന്ന ബസ് 5.45ന് മുണ്ടക്കയത്തെത്തും. ഇവിടെ നിന്നും മെഡിക്കൽ കോളജിലേക്കുള്ള ആരോഗ്യപ്രവർത്തകരുമായി യാത്രതിരിച്ച് 7.30ന് മെഡിക്കൽ കോളജിൽ എത്തും.
രാവിലെ 7.30ന് തന്നെയാണ് മെഡിക്കൽ കോളജിലെ ആദ്യ ഷിഫ്റ്റ് വർക്ക് ആരംഭിക്കുന്നത്. തുടർന്ന് മെഡിക്കൽ കോളജിൽ നിന്ന് 8.30നും, രണ്ടിനും, വൈകിട്ട് 6.30നും ഈ ബസ് മുണ്ടക്കയത്തേക്ക് സർവീസ് നടത്തുന്നുണ്ട്.
എന്നാൽ, വൈകുന്നേരം 6.30ന് മെഡിക്കൽ കോളജിൽ നിന്ന് ആരംഭിക്കുന്ന സർവീസാണ് ജീവനക്കാർക്ക് ദുരിതമാകുന്നത്. മെഡിക്കൽ കോളജിൽ രാവിലെ 7.30ന് ആരംഭിക്കുന്ന ഷിഫ്റ്റ് ഒന്നരയ്ക്ക് തീരും.
1.30ന് ആരംഭിക്കുന്ന ഷിഫ്റ്റ് രാത്രി 7.30നാണ് തീരുന്നത്. എന്നാൽ, 6.30ന് കെഎസ്ആർടിസി ബസ് തിരികെ പുറപ്പെടുന്നതിനാൽ മെഡിക്കൽ കോളജിൽ ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിൽ ജോലിചെയ്യുന്നവരുടെ മടക്കം അസാധ്യമാകും.
യാത്രചെയ്യാൻ മറ്റ് മാർഗങ്ങൾ ഇല്ലാത്തതുമൂലം ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ മുറിവാടകയ്ക്ക് എടുത്ത് രാത്രിയിൽ അവിടെ തങ്ങിയതിനുശേഷം രാവിലെ 7.30ന് എത്തുന്ന ബസിൽ കയറി തിരികെ മടങ്ങേണ്ട അവസ്ഥയാണ്.
ഇതാണ് ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.മാത്രവുമല്ല, വൈകുന്നേരം 6.30ന് പുറപ്പെടുന്ന ബസ് പൊൻകുന്നം വരെ മാത്രമാണ് സർവീസ് നടത്തുന്നത്.
ഇതുമൂലം കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളിലുള്ള ആരോഗ്യപ്രവർത്തകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. വനിതാ ജീവനക്കാരാണ് കൂടുതലായി ഈ ബസിൽ യാത്ര ചെയ്യുന്നത്.
ഒരുദിവസം ഇരുന്നൂറിലധികം ആരോഗ്യ പ്രവർത്തകരാണ് ഈ ബസിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. വൈകുന്നേരം 6.30ന് മെഡിക്കൽ കോളജിൽ നിന്ന് ആരംഭിക്കുന്ന സർവീസിൽ സമയം പുനഃക്രമീകരിച്ച്, 7.30 ആക്കി മാറ്റുകയാണെങ്കിൽ അത് ആരോഗ്യപ്രവർത്തകർക്ക് വലിയ ആശ്വാസമാകും.