ചാത്തന്നൂർ: മൂന്നാറിന്റെ പ്രകൃതിഭംഗി നുകരാൻ കെഎസ്ആർടിസിയുടെ റോയൽവ്യൂ ഡബിൾ ഡക്കർ സർവീസ്. യാത്രക്കാർക്ക് ഏത് വശത്തെ പുറം കാഴ്ചയും നുകരാൻ കഴിയും. മഞ്ഞും മഴയും എല്ലാം നേരിട്ട് കാണാൻ കഴിയുന്ന കർവ് ഗ്ലാസുകൾ കൊണ്ടാണ് ബസിന്റെ നിർമാണം. സ്ലൈഡ് ചെയ്യാൻ കഴിയുന്ന വിൻഡോ ഗ്ലാസുകളുമാണ്.
കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് റോയൽവ്യൂ എന്ന ഡബിൾ ഡക്കർ മൂന്നാറിൽ ഒരുക്കിയിരിക്കുന്നത്. മൂന്നാറും പരിസര പ്രദേശങ്ങളായ പേപ്പാറ, കമ്പംമെട്ട്, പെരിയ കനാൽ ചുറ്റിയായിരിക്കും റോയൽവ്യൂവിന്റെ യാത്ര. താഴത്തെ നിലയിൽ 31 പേർക്കും മുകളിലത്തെ നിലയിൽ 39 പേർക്കും യാത്ര ചെയ്യാം. പുതുവർഷദിനം മുതൽ റോയൽ വ്യൂ മൂന്നാറിന്റെ വശ്യസൗന്ദര്യങ്ങളിലൂടെ യാത്ര തുടങ്ങും.
കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം സെൽ തിരുവനന്തപുരത്ത് നഗരകാഴ്ചകൾ കാണാനായി രണ്ട് ഡബിൾ ഡക്കർ സർവീസുകൾ നടത്തുന്നുണ്ട്. ഇത് വൻഹിറ്റായ സാഹചര്യത്തിലാണ് മൂന്നാറിൽ കൂടുതൽ സൗകര്യങ്ങളുള്ള , കണ്ണാടി രഥമെന്ന് വിശേഷിപ്പിക്കാവുന്ന റോയൽവ്യൂ ഡബിൾ ഡക്കർ അവതരിപ്പിക്കുന്നത്.
സഞ്ചാരികൾക്ക് കുറഞ്ഞ ചിലവിൽ മൂന്നാർ ചുറ്റി സൗന്ദര്യ കാഴ്ചകൾ ആസ്വദിക്കാൻ സാഹചര്യമൊരുങ്ങുകയാണ്. റോയൽ വ്യൂ ഡബിൾ ഡക്കറിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5ന് തിരുവനന്തപുരം ആനയറയിലെ കെസ്വിഫ്റ്റിന്റെ ആസ്ഥാനത്ത് വച്ച് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിർവഹിക്കും.
- പ്രദീപ് ചാത്തന്നൂർ