ആലപ്പുഴ: കെഎസ്ആർടിസിയിലെ പ്രതിസന്ധി വഷളാക്കുന്നത് ഒരു വിഭാഗം ഉദ്യോഗസ്ഥരാണെന്ന് സിഐടിയു നേതാക്കൾ.ഇത്തരക്കാർ സർക്കാരിനെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്നതല്ല. ബസ് വ്യവസായത്തിലാകെയുണ്ടായിട്ടുള്ള തകർച്ച ഇതിനെയും ബാധിച്ചിട്ടുണ്ട്.
സ്പെയർ പാർട്സിനും ടയറിനും ചെലവഴിക്കേണ്ട തുകയെടുത്ത് ശന്പളം നൽകുന്ന നടപടിയാണ് തച്ചങ്കരി ചെയ്തതെന്നും ഇതിന്റെ അനന്തര ഫലം ഇപ്പോൾ അനുഭവിച്ചുവരികയാണെന്നും സിഐടിയു നേതാക്കളായ കെ.കെ. ദിവാകരൻ, കെ.എൻ. ഗോപിനാഥൻ, പി.പി. ചിത്തരഞ്ജൻ, പി. ഗാനകുമാർ, എച്ച്. സലാം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ കൂടുതൽ സാന്പത്തിക സഹായം ലഭ്യമാക്കണം. കൂടുതൽ ബസുകൾ വാങ്ങണമെന്നും അവർ പറഞ്ഞു.
തൊഴിലാളികളെ വിഭജിക്കുന്ന തരത്തിലുള്ള കേന്ദ്രസർക്കാർ സമീപനത്തെ തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി നേരിടണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. തൊഴിലാളി ഐക്യം സംഘടനാ നേതാക്കളിൽ ഒതുങ്ങുകയാണ് .ഇത് താഴേത്തട്ടിലെത്തണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയ്ക്കു പിന്നിൽ കൊടിയ അഴിമതിയാണുള്ളത്. പൊതുമേഖലാ വിൽപ്പന പരന്പര അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
നോണ് ബാങ്കിംഗ് സ്ഥാപനങ്ങളുടെ തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നും പിരിച്ചുവിട്ട 166 തൊഴിലാളികളെ തിരിച്ചെടുക്കണമെന്നുമാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തി വരുന്ന സമരത്തിനും ജനുവരി രണ്ട് മുതലുള്ള അനിശ്ചിത കാല പണിമുടക്കിനും പിന്തുണ നൽകാനും സമ്മേളനം തീരുമാനിച്ചു. ഇവരെ തിരിച്ചെടുക്കുന്ന മുത്തൂറ്റ് ഫിനാൻസ് കേരളത്തിൽ പ്രവർത്തിക്കുന്നത് അപമാനകരമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തൊഴിൽസമരങ്ങളുടെ രീതി മാറ്റുന്നതു പരിഗണനയിലാണെന്നും നേതാക്കൾ പറഞ്ഞു.