തിരുവനന്തപുരം: നഷ്ടം താങ്ങാൻ കഴിയാതെ മുന്നോട്ടുപോകുന്ന കെഎസ്ആർടിസി കൂടുതൽ സർവീസുകൾ വെട്ടിച്ചുരുക്കി ചെലവ് നിയന്ത്രിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ചാർജ് വർധനയ്ക്ക് ശേഷം ഡീസലിന് ലിറ്റർ ഒന്നിന് 10 രൂപയുടെ വരെ വർധനയുണ്ടായിട്ടുണ്ട്.
നിലവിൽ ദിവസവും 4.60 കോടി രൂപയുടെ അധിക ചെലവാണ് കോർപ്പറേഷന് വരുന്നത്. സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഇത് കോർപ്പറേഷന് കടുത്ത ബാധ്യത വരുത്തിവയ്ക്കുയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടുത്തിടെ ഡീസൽ ക്ഷാമം മൂലം തിരക്കു കുറവുള്ള സമയങ്ങളിലെ വരുമാനം കുറവുള്ള സർവീസുകൾ നിർത്തിവയ്ക്കാൻ മാനേജ്മെന്റ് ഓരോ ഡിപ്പോകൾക്കും നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പേരിൽ വ്യാപകമായി ഷെഡ്യൂളുകൽ വെട്ടിക്കുറച്ചതോടെ കോർപ്പറേഷൻ ഉത്തരവ് പിൻവലിക്കുകയായിരുന്നു. സർവീസുകൾ വെട്ടിച്ചുറുക്കിയതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.