തിരുവനന്തപുരം: ഇന്നലെ സർവീസ് നടത്തിയതിലൂടെ കെഎസ്ആർടിസിയ്ക്ക് വൻ നഷ്ടം. 59 ലക്ഷം രൂപയുടെ നഷ്ടമാണ് ഇന്നലത്തെ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് ഉണ്ടായിരിക്കുന്നത്. 1319 സർവീസുകളാണ് ഇന്നലെ നടത്തിയത്. 35 ലക്ഷം രൂപമാത്രമാണ് ഇന്നലെ സർവീസ് നടത്തിയതിലൂടെ കെഎസ്ആർടിസിയ്ക്ക് ലഭിച്ചത്.
രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയാണ് സർവീസ് നടത്തിയത്. സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തിയിട്ടും ബസുകളിലെ സീറ്റുകൾ ഒഴിഞ്ഞു കിടന്ന അവസ്ഥയായിരുന്നു.
മാസങ്ങൾക്കു ശേഷം സർവീസ് പുനരാരംഭിച്ചതും കോവിഡ് വ്യാപനം കുറയാത്തതുമാണ് യാത്രക്കാർ ബസ് യാത്രയിൽ നിന്ന് മാറി നിൽക്കാൻ കാരണമെന്നാണ് കെഎസ് ആർടി സി കരുതുന്നത്.
ഈ നിലയാണെങ്കിൽ തുടർ ദിവസങ്ങളിൽ സർവീസ് നടത്തുന്നത് കെഎസ്ആർടിസിയ്ക്ക് വലിയ സാന്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.
ഇന്നലെ സർവീസ് നടത്തിയതിനേക്കാളും ഇന്നു കൂടുതൽ സർവീസ് കെഎസ്ആർടിസി നടത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടെന്ന സൂചനയാണ് ആദ്യമണിക്കൂറുകളിൽ ലഭിക്കുന്നത്.