പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടി സി ഇനി പുതിയ ബസുകൾ വാങ്ങില്ല. പുതിയ നിയമനവും നടത്തില്ല. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സിഎംഡി ബി ജു പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
കെഎസ്ആർടിസിയ്ക്ക് 6300 ഓളം ബസുകളാണ് നിലവിലുണ്ടായിരുന്നത്. ഇതിൽ 600ലേറെ ബസുകൾ പൊളിച്ചു വിറ്റു കഴിഞ്ഞു.
300 ഓളം ബസുകൾ പൊളിച്ചു വിൽക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. അവശേഷിക്കുന്ന ബസുകളിൽ ഭൂരിഭാഗവും അഞ്ചു വർഷത്തിനകം പ്രവർത്തന യോഗ്യമല്ലാതാകും .
എല്ലാ ഡ്യൂട്ടികളും ഇനി മുതൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടികൾ ആക്കുമെന്നും സി എം ഡി അറിയിച്ചു . സൈൻ ഓൺ സൈൻ ഓഫ് എന്നിവയ്ക്ക് അര മണിക്കൂർ വീതം.
ഏഴ് മണിക്കൂർ സിംഗിൾ ഡ്യൂട്ടി . ബാക്കി നാല് മണിക്കുർ അധിക ജോലിക്ക് അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായ തുകയും ഇരട്ടി ഡിഎയും നല്കും . (നിലവിൽ കെ എസ് ആർ ടി സി ജീവനക്കാർക്ക് ഡിഎ ഇല്ല. )
പരീക്ഷണാ ടിസ്ഥാനത്തിൽ ആദ്യം ഇത് ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽ നടപ്പാക്കും.നിലവിൽ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ സിംഗിൾ ഡ്യൂട്ടി എന്ന നിലയിൽ 12 മണിക്കൂർ സ്പ്രേഡ് ഓവർ ഡ്യൂട്ടിയാണ് ചെയ്യുന്നത്.
ഇതിന് എട്ടു മണിക്കൂറിന് ശമ്പളവും അധികമുള്ള ഓരോ മണിക്കൂറിനും 75 രൂപ വീതവുമാണ് നല്കി വരുന്നത്. പുതിയ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കുമ്പോൾ ഇതിന് മാറ്റം വരും.
ആഴ്ചയിൽ ആറ് ദിവസവും ഇങ്ങനെ സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കുമ്പോൾ ജീവനക്കാർ അധികമാകും.അവരെ ഉപയോഗിച്ച് പുതിയ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻകഴിയും.യൂണിറ്റുകളിലെ വർക്ക് ഷോപ്പുകളിൽ ഇനി നാമമാത്രമായ പണികൾ മാത്രം എല്ലാം ഡി സി പി യിൽ .
സ്റ്റോറുകളുടെ പ്രവർത്തനവും പരിമിതപ്പെടുത്തും. എക്സിക്യൂട്ടീവ് ഡയറക്ടർമാർ , ഡിറ്റി ഒ മാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.